അബുദാബി: മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിന് എല്ലാ പ്രവാസി മലയാളികളും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അബുദാബി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തിലുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരിതത്തിൽ നിന്ന് കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാവില്ല. നമ്മുടെ ഭാവിക്കും കുഞ്ഞുങ്ങൾക്കും വേണ്ടി നാം ഒന്നിക്കണം. നാടിനൊപ്പം നിൽക്കുമെന്ന മലയാളിയുടെ ബോധത്തെ ആരു വിചാരിച്ചാലും പിന്തിരിപ്പിക്കാനാവില്ല. പ്രളയക്കെടുതി അനുഭവിച്ച കേരളത്തിന് യു.എ.ഇ ഭരണാധികാരികൾ നൽകിയ പിന്തുണയ്ക്ക് നന്ദി.
കേരളത്തിന്റെ പുനർ നിർമ്മാണത്തിന് എല്ലാ പിന്തുണയും ഉറപ്പു നൽകുന്നെന്ന യു.എ.ഇ കാബിനറ്റ് സഹിഷ്ണുതകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വാക്കുകൾ ഏറെ സന്തോഷകരമാണ്. യു.എ.ഇയുടെ വളർച്ചയിൽ മലയാളികളുടെ പങ്ക് വലുതാണെന്നും കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്നും അദ്ദേഹം പറഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുത്ത ഒട്ടേറെ പ്രവാസികൾ പുനർ നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തു.