പാലോട്: പെരിങ്ങമ്മല മാലിന്യപ്ലാന്റിനെതിരായ ജനകീയ സമരത്തിന് ഐക്യദാർഡ്യവുമായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇന്ന് നെടുമങ്ങാട് പൊന്നറ പാർക്കിൽ നിന്ന് പദ്ധതി പ്രദേശത്തെ സമരപ്പന്തലിലേയ്ക്ക് പദയാത്ര നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിപൂർണ്ണ നിയന്ത്രണത്തിലുള്ള പെരിങ്ങമ്മലയിലെ ജില്ലാ കൃഷിതോട്ടത്തിൽ ''മാലിന്യത്തിൽ നിന്നും വൈദ്യുതി'' ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് കമ്മിറ്റി അനുവാദം നല്‌കാതിരിക്കെ സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഇതേസമയം വിഷയത്തിൽ ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഇതേവരെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് ആനാട് ജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനിലാണ് മാലിന്യപ്ലാന്റിന് സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്ത് ആദിവാസികൾ അടക്കം നടത്തുന്ന സത്യഗ്രഹം 100 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പിന്തുണയുമായി ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ത്രിതല പഞ്ചായത്ത് ഭരണാധികാരികൾ, സ്ഥലം എം.എൽ.എ, എം.പി എന്നിവർ ജനകീയ സമരത്തെ അവഗണിക്കുകയാണെന്ന് ആനാട് ജയൻ ആരോപിച്ചു. നാടിനു ഭീഷണിയായ മാലിന്യ പ്ലാന്റിനെതിരെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കാൻ ഇനിയും തയാറായിട്ടില്ല. പ്രമേയം പാസാക്കുന്നതിനു പകരം പഞ്ചായത്ത് ഭരണസമിതി മന്ത്രിമാർക്ക് നിവേദനം നൽകിയത് ആശയകുഴപ്പമുണ്ടാക്കാനാണെന്നും ജയൻ പറഞ്ഞു. ഇന്ന് രാവിലെ 8.30 ന് സ്വാതന്ത്ര്യ സമര സേനാനിയും നെടുമങ്ങാട്ടെ ആദ്യ എം.എൽ.എയുമായ പൊന്നറ ശ്രീധറുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നും പദയാത്ര ആരംഭിക്കും. 25 കിലോമീറ്റർ സഞ്ചരിച്ച് പെരിങ്ങമ്മല സമരപന്തലിൽ എത്തിച്ചേരുന്ന പദയാത്രയെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ സ്വീകരിക്കും.

പഞ്ചായത്ത് പ്രമേയം ചർച്ചയ്‌ക്കെടുത്തേക്കും

വിവാദമായ പെരിങ്ങമ്മല മാലിന്യ പ്ലാന്റിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകി. നേരത്തെ രണ്ടുതവണ കത്ത് നൽകിയെങ്കിലും ഭരണപക്ഷം ചർച്ചയ്‌ക്കെടുത്തിരുന്നില്ല. ഭരണസമിതിയിൽ മൂന്ന് അംഗങ്ങളുള്ള സി.പി.ഐ കേന്ദ്രീകൃത മാലിന്യപ്ലാന്റ് വേണ്ടെന്ന പരസ്യ നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും പ്രമേയാവതരണത്തിന് നോട്ടീസ് നൽകിയത്. പ്ലാന്റ് പെരിങ്ങമ്മലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ കഴിഞ്ഞദിവസം കൃഷി, തദ്ദേശ വകുപ്പ് മന്ത്രിമാരെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. സി.പി.ഐ ഇതുസംബന്ധിച്ച് സി.പി.എം നേതൃത്വവുമായി ആലോചന നടത്തിയതായാണ് സൂചന.