നെടുമങ്ങാട് : വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുട്ടികൾ ക്ഷേത്രസന്നിധികളിൽ ആദ്യാക്ഷരം കുറിച്ചു.നെടുമങ്ങാട് ശ്രീമുത്തുമാരിയമ്മൻ ദേവസ്ഥാനം,ശ്രീമുത്താരമ്മൻ ക്ഷേത്രം,ശ്രീമേലാങ്കോട് ദേവീക്ഷേത്രം, ഉഴമലയ്ക്കൽ ശ്രീലക്ഷ്മി മംഗലം ദേവിക്ഷേത്രം,പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രം,പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രം,അരശുപറമ്പ് തോട്ടുമുക്ക് ശ്രീഭദ്രകാളി ദേവീ ക്ഷേത്രം,പുതുമംഗലം ദേവീക്ഷേത്രം,കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്.ഉഴമലയ്ക്കൽ ദേവീക്ഷേത്രത്തിൽ മേൽശാന്തി ചേർത്തല എസ്.സിബീഷും മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ഡോ.ആർ.എസ്.മണി,എസ്.മണി എന്നിവരും പതിയനാട് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഡോ.വി.സി വിജയകുമാറും അരശുപറമ്പ് തോട്ടുമുക്ക് ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിൽ പ്രൊഫ.ഉത്തരംകോട് ശശിയും പുതുമംഗലം ദേവീക്ഷേത്രത്തിൽ ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി, ഭാനുമതി അമ്മ ടീച്ചർ എന്നിവരും കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീകേഷ് ഭട്ടും കരിമ്പിക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരിചിറ്റൂർ ശങ്കരമംഗലത്തു മഠത്തിൽ വെങ്കിടേശ്വരൻ പോറ്റിയും പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ സുഗത ടീച്ചറും ആദ്യക്ഷരം എഴുതിച്ചു.മഹാനവമി പ്രമാണിച്ച് പൂജയ്‌ക്കുവച്ച തൊഴിൽ-പഠനോപകരണങ്ങൾ വെള്ളിയാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം എടുത്തു.
*പച്ചയിലും ആലംപാറയിലും ഭക്തജനത്തിരക്ക്
പാലോട് : നന്ദിയോട് ആലംപാറ ദേവീക്ഷേത്രത്തിൽ മേൽശാന്തി സുഭാഷ് ഭാർഗവനും നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീനു പോറ്റിയും പെരിങ്ങമ്മല മാന്തുരുത്തി മാടൻതമ്പുരാൻ ക്ഷേത്രത്തിൽ മേൽശാന്തി കൃഷ്ണൻ പോറ്റിയും പനകുന്നത്ത് ശ്രീദുർഗാ ശ്രീഭദ്രാ ആയിരവല്ലി ക്ഷേത്രത്തിൽ കാക്കാരിശ്ശി കലാകാരൻ പരപ്പിൽ കറുമ്പനും കുട്ടികളെ ഹരിശ്രീ കുറിപ്പിച്ചു.പേരയം ആയിരവില്ലി ക്ഷേത്രം,വെമ്പിൽ മണലയം ശിവ ക്ഷേത്രം, ടിബിജി ജംഗ്‌ഷൻ കുന്നിൽ മേലാംങ്കോട് ദേവീ ക്ഷേത്രം,നന്ദിയോട് ആലുംകുഴി ശ്രീധർമ ശാസ്താ ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.