തിരുവനന്തപുരം: വിവേകശൂന്യമായ സർക്കാരാണെങ്കിൽ എന്തൊക്കെ സംഭവിക്കാമെന്നതിന് തെളിവാണ് ശബരിമലയിലെ സംഭവവികാസങ്ങളെന്നും മുഖ്യമന്ത്രി വർഗീയത വളർത്താൻ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ സന്നിധാനത്തെത്തിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. പൊലീസ് നിയമം ലംഘിച്ച ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണം.
ബി.ജെ.പിയെ വളർത്തി ജനാധിപത്യ ശക്തികളെ തളർത്താമെന്നും അത് തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നുമുള്ള കുടില തന്ത്രമാണ് സി.പി.എമ്മിന്റേത്. എല്ലാവരെയും ഒന്നുപോലെ കാണേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, അല്ലാതെ പാർട്ടി സെക്രട്ടറിയല്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശി
പ്പിക്കുന്നത് കമാൻഡോ ഓപ്പറേഷനിലൂടെയാണോ?. ഒരു പൊരി വീണാൽ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്നുനാല് ദിവസമായുള്ളത്. ഇതിനെ ആളിക്കത്തിക്കുന്ന സമീപനമാണ് സർക്കാരിന്റേത്.
ഇത്രയും സ്ഫോടനാത്മകമായ സാഹചര്യമുണ്ടാകുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് പോകണമായിരുന്നോ? ആക്ടിവിസ്റ്റുകൾ മല കയറിയതെന്തിന്?. ബി.ജെ.പിയും ആർ.എസ്.എസും പ്രശ്നം ആളിക്കത്തിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുമ്പോൾ സർക്കാർ എല്ലാ സഹായവും ചെയ്യുകയാണ്. ശബരിമല പ്രതിസന്ധി തരണം ചെയ്യാൻ നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറുണ്ടോ? പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത്. യു.ഡി.എഫ് ആയിരുന്നു അധികാരത്തിലെങ്കിൽ പ്രശ്നം പ്രതിസന്ധിയില്ലാതെ പരിഹരിക്കുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.