കേന്ദ്ര വിദേശകാര്യ സഹമന്ത്രിപദത്തിൽ നിന്നുള്ള എം.ജെ. അക്ബറിന്റെ രാജി പ്രതീക്ഷിച്ചതുതന്നെയാണ്. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് ആദ്യം 'മീ ടൂ" കാമ്പെയിന് തുടക്കമിട്ട മാദ്ധ്യമ പ്രവർത്തക പ്രിയാരമണിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നിരപരാധിത്വം ചമയാൻ അക്ബർ ശ്രമിക്കാതിരുന്നില്ല. ഹർജി ഡൽഹി കോടതി പരിഗണനയിലെടുക്കുന്നതിനു തൊട്ടുതലേന്നാണ് അദ്ദേഹം രാജിക്കത്തെഴുതി തലകുനിച്ച് പടിയിറങ്ങേണ്ടിവന്നത്. പൊതുതിരഞ്ഞെടുപ്പ് തലയ്ക്ക് തൊട്ടുമുകളിൽ വന്നുനിൽക്കുമ്പോൾ ഇതുപോലൊരു വ്യക്തിയെ കൂടെവച്ചുകൊണ്ടിരിക്കുന്നതിലെ അപകടം ബി.ജെ.പി നേതൃത്വത്തിന് മറ്റാരും പറയാതെതന്നെ ബോദ്ധ്യമായിട്ടുണ്ടാകും. അതുകൊണ്ടാണ് രാജിവയ്ക്കുന്ന പ്രശ്നമേയില്ലെന്ന് വീരവാദം മുഴക്കിക്കൊണ്ടിരുന്ന അക്ബറിൽനിന്ന് ഭരണ നേതൃത്വം രാജി എഴുതിവാങ്ങിയത്. പ്രിയാരമണി മാത്രമല്ല പല കാലത്തായി അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തിട്ടുള്ള ഇരുപതോളം വനിതകളും പ്രിയാരമണിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തങ്ങൾക്കും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. അക്ബറിന്റെ ഹർജിയുടെ വിചാരണ വേളയിൽ കോടതിയിൽ തങ്ങൾ പ്രിയാരമണിക്കുവേണ്ടി മൊഴി നൽകുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.
പേരെടുത്ത ജേർണലിസ്റ്റായ എം.ജെ. അക്ബറിന്റെ ഇപ്പോഴത്തെ പതനത്തിൽ സഹതപിക്കാൻ അധികമാരും കാണാനിടയില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് 2014 ൽ അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലെത്തിയത്.
ഒരുകാലത്ത് രാജീവ് ഗാന്ധിയുടെ സുഹൃത്തും വിശ്വസ്ഥനുമായിരുന്നു. പിന്നീട് എം.പിയും കോൺഗ്രസിന്റെ വക്താവുമൊക്കെയായി. രാജീവിന്റെ മരണശേഷം ഏറെക്കുറെ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന അക്ബർ പിന്നീട് ബി.ജെ.പിയിലൂടെ ലോക്‌സഭയിലെത്തി. ഒരുകാലത്ത് പ്രധാനമന്ത്രി മോദിയുടെ കടുത്ത വിമർശകനായിരുന്ന അക്ബർ പിന്നീട് അദ്ദേഹത്തിന്റെ സ്തുതിപാഠകനായി മാറി. വിദേശ കാര്യവകുപ്പിൽ ഇസ്ളാമിക രാജ്യങ്ങളുടെ ചുമതല അദ്ദേഹത്തിന് നൽകിയതിലൂടെ പ്രധാനമന്ത്രിക്ക് കൃത്യമായ രാഷ്ട്രീയ ഉന്നമുണ്ടായിരുന്നു. മന്ത്രിയെന്ന നിലയിൽ വിവാദങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും 'മീ ടൂ" കാമ്പെയിന്റെ അതിശക്തമായ ലാവാപ്രവാഹത്തിൽ. അദ്ദേഹത്തിന് പിടിച്ചുനിൽക്കാനാവില്ല.
തൊഴിലിടങ്ങളിൽ വനിതകൾ നേരിടേണ്ടിവരുന്ന പലതരം ലൈംഗികാതിക്രമങ്ങളിൽ ബഹുഭൂരിപക്ഷവും പുറത്ത് അറിയപ്പെടാതെ പോവുകയാണ് പതിവ്. സ്ത്രീകളുടെ മാനം രക്ഷിക്കുന്നതിനുദ്ദേശിച്ച് കടുത്തനിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും തനിക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ കഴിവതും ഉള്ളിലൊതുക്കി കഴിയാനാണ് ഒട്ടധികം പേരും ആഗ്രഹിക്കുന്നത്. അപമാനം പരസ്യമാക്കിയാൽ സംഭവിക്കാവുന്ന മാനക്കേടു ഭയന്നാണിത്. എന്നാൽ പുതുതലമുറ മറിച്ചാണ് ചിന്തിച്ചുതുടങ്ങിയിരിക്കുന്നത്. ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ തലകുമ്പിടുകയല്ല അത് പരസ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞ് അതിന് തുനിഞ്ഞവനെ നാണംകെടുത്തുകയാണ് വേണ്ടതെന്ന ധീരമായ നിലപാടിലേക്ക് പുതുതലമുറ എത്തിയിരിക്കുന്നു. ഒരുവർഷം മുൻപ് പാശ്ചാത്യലോകത്ത് തുടക്കമിട്ട 'മീ ടൂ" കാമ്പെയിന് ഇവിടെയും അനുകർത്താക്കളുണ്ടായി. ചലച്ചിത്ര രംഗത്തും പൊതുരംഗത്തും മാദ്ധ്യമ രംഗത്തുമൊക്കെ അത് ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇരകളല്ല അതിക്രമത്തിന് മുതിരുന്നവരാണ് സമൂഹ മദ്ധ്യത്തിൽ ശരിക്കും അപമാനിതരാകുന്നതെന്ന തിരിച്ചറിവാണ് പുതിയപുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തുവരാൻ പുതുതലമുറയിൽപ്പെട്ട വനിതകൾക്കു പ്രചോദനം പകരുന്നത്. വേണ്ടാതീനം കാണിച്ചിട്ടും വെല്ലുവിളി നടത്തി കൂടുതൽ കരുത്തരാകാൻ ശ്രമിക്കുന്നവരുടെ കാലിനടിയിലെ മണ്ണിളകാൻ അധികസമയം വേണ്ടെന്നതിന് തെളിവാണ് അപമാനിതനായി കസേര ഒഴിയേണ്ടിവന്ന എം.ജെ. അക്ബർ. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന കഥകളാണ് പല മേഖലകളിൽനിന്നും സമീപകാലത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിർഭയരായി ഇത്തരം സാഹചര്യങ്ങളെ നേരിടാൻ വനിതകൾ തയ്യാറായാലേ ദുഷിച്ച ഇൗ പ്രവണത നിയന്ത്രിക്കാനാവൂ. അതിക്രമത്തിന് തുനിയുന്നവർ എത്ര ഉന്നതരായാലും അവരുടെ പൊയ്‌മുഖങ്ങൾ വലിച്ചുകീറി സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയണം. ചെറിയ ക്ളാസുകളിൽതൊട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകണം. ലൈംഗികാതിക്രമത്തിന് മുതിരുന്ന ഒരാളും രക്ഷപ്പെടാനാകാത്തവിധം നിയമങ്ങൾ കൂടുതൽ വലിഞ്ഞുമുറുകേണ്ടതുണ്ട്.