വെള്ളറട: അമ്പൂരി ആദിവാസി സെറ്റിൽമെന്റിലെ താമസക്കാരായ ആദിവാസികളുടെ ചിരകാല സ്വപ്നമാണ് കുമ്പിച്ചൽ കടവിലെ പാലം. എന്നാൽ നാളുകൾ ഏറെയായ സ്വപ്നത്തിന് സംസ്ഥാന സർക്കർ ബഡ്ജറ്റിൽ തുക കൊള്ളിച്ചിട്ടും പാലത്തിന്റെ നിർമ്മാണം മാത്രം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇവിടെ പാലം നിർമ്മിക്കാമെന്ന് തിരഞ്ഞെടുപ്പ് വേളയിൽ സി.കെ. ഹരീന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ആദിവാസികളുടെ വർഷങ്ങൾ പഴക്കമുള്ള ആവശ്യത്തിന് ബഡ്ജറ്റിൽ 15 കോടി രൂപ അനുവദിച്ചു. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കാത്ത രീതിയിൽ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന് സർക്കാർ അനുവാദവും നൽകി. എന്നാൽ പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുകയാണ്.
കുമ്പിച്ചൽ കടവിൽ പാലം വന്നാൽ നെയ്യാർ റിസർവയറിന് അപ്പുറമുള്ള കൊമ്പയിൽ, പന്തപ്ലാമൂട്, തൊടുമല, പുരവിമല, ശംഖുകോണം തുടങ്ങിയ പതിനൊന്നോളം സെറ്റിൽമെന്റുകളിലായി നൂറുകണക്കിനുള്ള ആദിവാസികൾക്ക് യാത്രാസൗകര്യം വർദ്ധിക്കും. ഇവിടെയുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മൂന്ന് കടത്തുകളിലായി കാലപ്പഴക്കം ചെന്ന വള്ളങ്ങളാണ് ആകെ ആശ്രയം. രാത്രിയായാൽ അക്കരെയെത്താൻ കടത്തുവള്ളങ്ങൾ ലഭിക്കുകയുമില്ല. രാത്രികാലങ്ങളിൽ പലരും നിന്തിയാണ് വീടുകളിൽ എത്തുന്നത്.
നട്ടംതിരിഞ്ഞ് വിദ്യാർത്ഥികൾ
ഇവിടെ കടത്തെറങ്ങാൻ ആകെ ആശ്രയം കടത്തുവള്ളങ്ങളാണ്. കാലപ്പഴക്കംചെന്ന കടത്തുവള്ളങ്ങളിൽ അക്കരെയെത്താൻ വിദ്യാർത്ഥികൾ പെടാപാട് അനുഭവിക്കുകയാണ്. കടത്തുവള്ളങ്ങളിൽ കുട്ടിവകളെ അയയ്ക്കുന്ന രക്ഷിതാക്കളും ഭയത്തിലാണ് കഴിയുന്നത്. ഇവിടെ കടത്തുകടക്കുന്നതിനിടയിൽ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. അടിയന്തരമായി ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. നിരവധി പേരുടെ ജീവൻ അപകരിച്ച ചങ്ങാട കടവിൽ തൂക്കുപാലം വേണമെന്ന ആവശ്യത്തിനും പരിഹാരമില്ലാതെ നീളുകയാണ്.