തിരുവനന്തപുരം: ഭൂമിയേറ്രെടുക്കൽ നടന്നില്ലെങ്കിൽ സംസ്ഥാനത്ത് പുതുതായി നിർമിക്കാൻ ലക്ഷ്യമിടുന്ന അതിവേഗ ഇരട്ട റെയിൽപാത ഉപക്ഷിക്കേണ്ടിവരുമെന്ന സൂചന നൽകി അധികൃതർ. നാല് മണിക്കൂറിൽ താഴെ സമയംകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ എത്തുക ലക്ഷ്യമിട്ടാണ് പാത ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലവിലെ പ്ളാൻ പ്രകാരം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ കൂടിയാകും പാത കടന്നുപോകുക. ഈ പ്രദേശങ്ങളിൽ സ്ഥലമേറ്റെടുക്കൽ കീറാമുട്ടിയാകും. പ്രദേശവാസികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ ഉറച്ച ആത്മവിശ്വാസമൊന്നും പുലർത്താൻ കേരളത്തിലെ റെയിൽവേ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കേരള റെയിൽവേ വികസന കോർപറേഷൻ ലിമിറ്റഡിന് (കെ.ആർ.ഡി.സി.എൽ) സാധിക്കുന്നില്ല. അതാണ് പാത നിർമാണത്തെ അനിശ്ചിതത്വത്തിലാക്കുന്നതും.
സ്ഥലം കണ്ടെത്തൽ, ഭൂമിയുടെയും കെട്ടിടങ്ങളുടെയും വില നിർണയിക്കൽ, നഷ്ടപരിഹാരത്തുക നൽകൽ എന്നിവ ആദ്യം ചെയ്താൽ മാത്രമേ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കാനാകൂ. വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കൊച്ചി-കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കൽ പദ്ധതി പോലും ഇതുവരെ പൂർത്തിയായിട്ടില്ല. 59.7 കിലോമീറ്ററാണ് എറണാകുളം ജംഗ്ഷനിൽ നിന്ന് കോട്ടയത്തേക്കുള്ള റെയിൽപാതയുടെ ദൂരം. ഇൗ പദ്ധതി പൂർത്തിയാകാൻ 2020വരെ സമയം വേണമെന്നാണ് അടുത്തിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് ഇവിടെയും വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
അതിവേഗ പാതയുടെ ഡി.പി.ആർ തയ്യാറാക്കാനായി പാരീസ് ആസ്ഥാനമായ സിസ്ട്രയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർമാണച്ചെലവ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കാനാണ് തീരുമാനം. മൂന്ന് മാസത്തിനകം സാദ്ധ്യത റിപ്പോർട്ടും ആറ് മാസത്തിനകം വിശദ റിപ്പോർട്ടും (ഡി.പി.ആർ) സമർപ്പിക്കാനാണ് കമ്പനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിലെ പാതയ്ക്ക് സമാന്തരമായോ, അകന്നോ ആയിരിക്കും പുതിയ പാത നിർമിക്കുക. ആദ്യത്തെ രീതിയോടാണ് റെയിൽവേയ്ക്ക് താത്പര്യം. ഡി.പി.ആർ ലഭിച്ചാൽ മാത്രമേ അന്തിമതീരുമാനം എടുക്കൂ.