കാണികൾക്ക് പ്ലാസ്റ്റിക് കവറിന് പകരം തുണിസഞ്ചി
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടുത്തമാസം ഒന്നിന് നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം പ്ലാസ്റ്റിക് ഫ്രീ ആക്കാൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കാമ്പെയിൻ ആരംഭിച്ചു. നഗരസഭയും ക്രിക്കറ്റ് അസോസിയേഷനും എസ്.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. നിരോധിത പ്ലാസ്റ്റിക് നോൺ വോവൻ പോളി പ്രൊപ്പിലീൻ കാരിബാഗുകൾക്ക് പകരം തുണി സഞ്ചികളുമായി കാണികളെ ഗ്രീൻഫീൽഡിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെത്തി തുണി സഞ്ചി വിതരണം ചെയ്‌തു. പാളയം, ചാല, തമ്പാനൂർ, കിഴക്കേകോട്ട, മണക്കാട്, കഴക്കൂട്ടം എന്നിവിടങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും നഗരസഭാ ഗ്രീൻ ആർമിയും ചേർന്ന് പ്ലാസ്റ്റിക്, നോൺവോവൻ പോളിപ്രൊപ്പിലീൻ കാരി ബാഗുകളുമായി എത്തിയവരിൽ നിന്നും അവ ശേഖരിച്ച് പകരം തുണി സഞ്ചി നൽകി. തുണി സഞ്ചിക്ക് 10 രൂപ വീതം ഈടാക്കി. ഇന്നലെ മാത്രം 10670 രൂപയാണ് സമാഹരിച്ചത്. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഗ്രീൻ പ്രോട്ടോക്കോൾ, പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം എന്നിവ സംബന്ധിച്ച ലഘുലേഖയും വിതരണം ചെയ്‌തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു കാമ്പെയിൻ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർമാരായ അലക്‌സാണ്ടർ, പ്രകാശ്, എസ്.പി.സി ചുമതലയുള്ള കല്ല്യാൺ കുമാർ എന്നിവരും പങ്കെടുത്തു.