gov
ഡി.ജി.പി ലോക്നാഥ് ബെഹറ ഗവർണർ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ക്രമസമാധാന പ്രശ്‌നങ്ങളറിയാൻ പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയെ ഗവർണർ പി. സദാശിവം വിളിച്ചുവരുത്തി. പൊലീസ് വിന്യാസം, നടപടികൾ, ഭക്തരുടെ സുരക്ഷ എന്നിവ ഗവർണർ ചോദിച്ചറിഞ്ഞു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഡി.ജി.പി രാജ്ഭവനിലെത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഭക്തർക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും ഭക്തരുടെ വികാരവും കണക്കിലെടുത്താവും നടപടികളെന്നും ഡി.ജി.പി ഗവർണറെ ധരിപ്പിച്ചു. ശബരിമലയിലെ ക്രമസമാധാന നിലയെക്കുറിച്ച് വ്യാഴാഴ്ച ഗവർണർ ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുരേഷ് ഗോപി എം.പിയും ഒ. രാജഗോപാൽ എം.എൽ.എയും ഗവർണറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ഗണേഷ്, ജില്ലാ സെക്രട്ടറി എസ്. സുരേഷ് എന്നിവരും ഗവർണറെ കണ്ടു. ഇവരുടെ ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും ഉചിതമായ നടപടിയുണ്ടാവുമെന്നും ഗവർണർ ഉറപ്പുനൽകി.