പാങ്ങോട്: വീടിന്റെ മട്ടുപ്പാവിലെ നെൽകൃഷിയിൽ നൂറ് മേനി വിളയിച്ച് വീട്ടമ്മ. പാങ്ങോട് മതിര ശ്രുതി ഭവനിൽ സുഗന്ധി ദേവിയാണ് മട്ടുപ്പാവിൽ നെൽകൃഷി നടത്തി വിജയം കൊയ്തത്. മട്ടുപ്പാവിൽ ബെഞ്ചുകൾ നിരത്തി അതിന് മുകളിൽ സജ്ജമാക്കിയ 250 ഗ്രോ ബാഗുകളിലാണ് കൃഷി നടത്തിയത്. ഉമാ വിത്താണ് ഉപയോഗിച്ചത്. ദ്രവ രൂപത്തിലാണ് നെല്ലിന് വളം നല്കിയത്. ജലസേചനത്തിന് തുള്ളി നനയും.
കൃഷിക്ക് സഹായികളായി ഭർത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. ആദ്യം വീട്ടുവളപ്പിൽ കൃഷി ചെയ്യാനായിരുന്നു തീരുമാനം. പുരയിടം കിളയ്ക്കുന്നതിന് അമിതകൂലി വേണ്ടിവന്നതോടെ മട്ടുപ്പാവ് തിരഞ്ഞെടുക്കുകയായിരുന്നു. കൃഷി ഓഫീസറുടെ സഹായത്താടെ കുറഞ്ഞ നിരക്കിൽ ഗ്രോ ബാഗും ലഭിച്ചു. കൃഷിയെ സ്നേഹിക്കുന്ന സുഗന്ധാദേവിക്ക് കെ.പി. കരുണാകരൻ ഫൗണ്ടേഷൻ അടുക്കളത്തോട്ടം അവാർഡും ചിതറ ഗ്രാമപഞ്ചായത്തിന്റെ മികച്ച വനിത കർഷകയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.