poll

തിരുവനന്തപുരം: നട അടയ്ക്കാൻ മൂന്ന് ദിവസം ശേഷിക്കേ, അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികൾ കൂട്ടത്തോടെ മലചവിട്ടാനെത്തുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ശബരിമലയിൽ പൊലീസ് അതീവജാഗ്രതയിൽ. നാളെയും മറ്റന്നാളുമായി കുറേപ്പേർ വരുമെന്നാണ് വിവരമെന്നും ദർശനത്തിനെത്തുന്നവർക്ക് സംരക്ഷണം നൽകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ കേരളകൗമുദിയോട് പറഞ്ഞു. കൂടുതൽ ജാഗ്രത പുലർത്തും. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പൊലീസ് കോടതിയലക്ഷ്യം നേരിടേണ്ടിവരും. അതിനാൽ വനിതകൾക്ക് സംരക്ഷണം നൽകിയേ മതിയാവൂ.

1300 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. പക്ഷേ, സ്ത്രീകൾ കൂട്ടത്തോടെയെത്തിയാൽ ശക്തമായ നടപടി വേണ്ടിവരും. സുരക്ഷ കൂട്ടണം. ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പൂർവചരിത്രം പൊലീസിന് പരിശോധിക്കാനാവില്ല. ആക്ടിവിസ്റ്റുകളാണോയെന്ന് മനസിലാക്കി തിരിച്ചയയ്ക്കാനുമാവില്ല. ആരെയും തടയേണ്ടെന്നും എല്ലാവർക്കും സംരക്ഷണം നൽകാനുമാണ് സർക്കാരിന്റെ സന്ദേശം. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവാണ് പരമപ്രധാനം.

ഇന്നലെ രാവിലെ ദർശനത്തിനെത്തിയ രണ്ട് സ്ത്രീകളെ മടക്കിക്കൊണ്ടുവരുന്ന സമയത്ത് മലകയറാൻ എത്തിയതിനാലാണ് കഴക്കൂട്ടം സ്വദേശിനിക്ക് സംരക്ഷണം നൽകാനാവാതിരുന്നത്. ശബരിമലയിലെ പൊലീസ് നടപടികൾ സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ട്. അതിനാൽ ഉത്തരവിന് വിരുദ്ധമായൊന്നും ചെയ്യാനാവില്ല.

വ്യാജ സന്ദേശം: കേസെടുക്കും

ക്രമസമാധാനനില തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ കുറ്റംചുമത്തി കേസെടുക്കും. പൊലീസ് നടപടികളെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് സെല്ലും സൈബർ സെല്ലും അന്വേഷണം തുടങ്ങി. സൈബർസെൽ സി.ഐയുടെ നേതൃത്വത്തിൽ സൈബർ പട്രോളിംഗ് ആരംഭിച്ചു. മതസ്‌പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച ഒരു ഡസൻ വാട്സ് ആപ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഇന്റലിജൻസ്‌ മേധാവി ടി.കെ. വിനോദ്കുമാറിന് ഇതിന്റെ ചുമതല നൽകി. ശബരിമലയിലെ പൊലീസ് വിന്യാസവും നടപടികളും സേനയ്ക്കുള്ളിൽ നിന്നുതന്നെ ചോരുന്നെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, മലചവിട്ടാനുള്ള ആക്ടിവിസ്റ്റുകളുടെ വരവ് ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം. പൊലീസിനെതിരേ കോടതിയലക്ഷ്യ കേസ് നൽകാൻ നീക്കമുണ്ടെന്നും വിവരമുണ്ട്.

സർവസജ്ജം

പമ്പ മുതൽ സന്നിധാനം വരെ നാലര കിലോമീറ്ററിൽ 700ലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. ഐ.ജി.എസ്. ശ്രീജിത്ത്, എസ്.പിമാരായ ദേബേഷ്‌കുമാർ ബെഹ്‌റ, വി. അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ യുവതികൾക്ക് സംരക്ഷണമൊരുക്കാൻ 220 പേരുണ്ട്. സന്നിധാനത്ത് മഫ്തിയിൽ വൻ പൊലീസ് സംഘമുണ്ട്. ദർശനം നടത്തുന്ന യുവതികളെ തിരിച്ചിറക്കാനുള്ള മാർഗങ്ങളും ഒരുക്കിയിട്ടുണ്ട്.