റിവ്യൂ ഹർജിക്ക് പ്രസക്തിയില്ല

തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസത്തിന്റെ ഭാഗമായി ആക്ടിവിസ്റ്റ് വന്നാലും ദർശന സൗകര്യം ഒരുക്കുകയെന്നതാണ് പാർട്ടി നിലപാടെന്നും ആക്ടിവിസ്റ്റുകൾ വരരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ പ്രസ്താവനയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജിക്ക് പ്രസക്തിയില്ല. സ്ഥിതിഗതികൾ മനസിലായപ്പോൾ ദേവസ്വംമന്ത്രി കാര്യങ്ങൾ ശരിയായി വിശദീകരിച്ചിട്ടുണ്ട്. റിവ്യൂ ഹർജികൾ വിവിധ സംഘടനകളുടേതായി ഇതിനകം സുപ്രീംകോടതിയിലുണ്ട്. അവ പരിശോധിക്കുന്ന ഘട്ടത്തിൽ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് സർക്കാരിനും ദേവസ്വംബോർഡിനും ഇടപെടേണ്ട സാഹചര്യമുണ്ടാകും. അപ്പോൾ നിലപാട് വ്യക്തമാക്കിയാൽ മതി. വിധി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എതിർപ്പുമായി പോയാൽ പരിഹാസ്യമാകും. ഇതിന് മുമ്പ് പല വിധികളിലും ഈ അനുഭവമുണ്ടായിട്ടുണ്ട്. മറ്റുചില വിധികളെടുത്ത് കാട്ടി വിമർശിക്കുന്നവർ, മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണിതെന്ന് അറിയണം. ഓർത്തഡോക്സ്- യാക്കോബായ സഭാതർക്കം പോലെയല്ല.

ശബരിമലയിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല. ഇന്നലെ അവിടെയെത്തിയ യുവതിക്ക് പൊലീസ് യൂണിഫോമല്ല, ബോഡി പ്രൊട്ടക്ടറാണ് നൽകിയത്. മറിച്ചെന്തെങ്കിലുമുണ്ടായോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഒരാളുടെ പ്രവേശനം പ്രകോപനം സൃഷ്ടിക്കുമെന്ന് തോന്നിയാൽ യുക്തമായ നടപടി പൊലീസിനെടുക്കാം. നിയമം ലംഘിക്കുന്നവർ ഏത് വേഷക്കാരായാലും അതാണ് നിലപാട്. കല്ലെറിയുന്നവർ അയ്യപ്പവേഷക്കാരായത് കൊണ്ട് നടപടി പാടില്ലെന്നില്ല. ഓരോരുത്തരും പറയുന്നതാണ് വിശ്വാസമെന്ന് വന്നാൽ കോടതിയെന്തിനാണ്?

സ്ത്രീ പടി ചവിട്ടിയാൽ നടയടയ്ക്കുമെന്ന് തന്ത്രിമാർ അധികാരപരിധിയിൽ നിന്ന് പറയുന്നതാണ്. അത് കോടതിയലക്ഷ്യമാകുമോയെന്ന് ദേവസ്വം ബോർഡ് പരിശോധിക്കേണ്ടതാണ്. ബാബ്റി മസ്ജിദ് കേസിലടക്കം ആർ.എസ്.എസിന്റെ ആശയം നടപ്പാക്കാൻ ശബരിമലയെ മറയാക്കുമ്പോൾ ലീഗും കോൺഗ്രസും അതിന് കളമൊരുക്കിക്കൊടുക്കുന്നത് ആത്മഹത്യാപരമാണ്. ശബരിമലയെ സംഘർഷഭൂമിയാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

സുപ്രീംകോടതി വിധി കർശനമായി നടപ്പാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരിക്കെ, കേരളത്തിലെ ബി.ജെ.പിയുടെ വ്യത്യസ്ത നിലപാടിന്റെ യുക്തി മനസിലാകുന്നില്ല. കൊടിയെടുക്കാതെ സമരമിരിക്കുമെന്ന് പറഞ്ഞ കോൺഗ്രസിന്റെ പ്രമുഖനേതാക്കൾ ബി.ജെ.പിയുടെ സമര സംഘാടകരായെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.