mala

കഴക്കൂട്ടം: ശബരിമലയ്ക്ക് പോയ മേരി സ്വീറ്റിയുടെ (46) മുരുക്കുംപുഴയിലെയും ഇവരുടെ മാതാപിതാക്കൾ താമസിക്കുന്ന കഴക്കൂട്ടം മൈത്രിനഗറിലെയും വീടുകൾ ബി.ജെ.പി പ്രവർത്തകർ ഇന്നലെ ഉച്ചയോടെ ആക്രമിച്ചു. മുരുക്കുംപുഴയിലെ വീട്ടിലെ മുഴുവൻ ജനാലകളും എറിഞ്ഞ് തകർത്തു. ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്നാണ് കല്ലേറ് നടത്തിയത്. കഴക്കൂട്ടത്തെ വീട്ടിലെത്തിയ പ്രവർത്തകർ വൃദ്ധരായ ദമ്പതികളെ ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തുണ്ടായിരുന്ന കസേരകൾ വലിച്ചെറിയുകയും ചെയ്തു. അല്പ സമയത്തിനു ശേഷം കോൺഗ്രസ് പ്രവർത്തകർ വീടിനു മുന്നിലൂടെ പ്രകടനം നടത്തി. വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് കഴക്കൂട്ടം അസി. കമ്മിഷണർ അനിൽകുമാർ അറിയിച്ചു. മുരുക്കുംപുഴയിലെ വീട്ടിൽ മംഗലപുരം പൊലീസ് കാവൽ ഏർപ്പെടുത്തി.