protest

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവിധിയിന്മേലുള്ള രാഷ്ട്രീയനിലപാടിൽ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴും അനുനയത്തിന്റെ വഴി അടച്ചിടേണ്ടെന്ന ചിന്തയിൽ സി.പി.എമ്മും ഇടത് നേതൃത്വവും.

വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാദ്ധ്യതയിൽ നിന്ന് സർക്കാരിന് പിറകോട്ട് പോകാനാവാത്ത സ്ഥിതിയുണ്ട്. എന്നാൽ, ശബരിമലയിൽ ഉരുണ്ടുകൂടിയിരിക്കുന്ന കലാപാന്തരീക്ഷം ശമിപ്പിക്കുകയെന്ന വെല്ലുവിളിയും മുന്നിൽ നിൽക്കുന്നു. കോടതിവിധിക്കെതിരെ പുനഃപരിശോധനാ ഹർജിക്കില്ലെന്ന് ആവർത്തിച്ചെങ്കിലും ഇപ്പോൾ കോടതിയിലെത്തിയിരിക്കുന്ന റിവ്യൂ ഹർജികളിൽ കോടതി ആവശ്യപ്പെടുമ്പോൾ സർക്കാരിന് ഇടപെടാമല്ലോയെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് നേതൃത്വത്തിന്റെ മനസിലിരിപ്പ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞെത്തിയാൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി ചർച്ചയ്ക്ക് വീണ്ടും ക്ഷണിച്ചേക്കാം. സംഘപരിവാർ ശബരിമലയെ കലാപഭൂമിയാക്കാൻ ആസൂത്രിതനീക്കം നടത്തുന്നുവെന്ന് ഇടത് നേതൃത്വം വിലയിരുത്തുന്നു. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്.

വിധി നടപ്പാക്കലുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്തും സംഘപരിവാറിനെ തുണയ്ക്കുന്നവയടക്കമുള്ള ദേശീയമാദ്ധ്യമങ്ങൾ വിധിക്ക് അനുകൂലമായി നിലകൊള്ളുന്നതുമെല്ലാം ബി.ജെ.പിയെ വെട്ടിലാക്കാൻ പോകുന്നതാണെന്നും ഇടത് നേതൃത്വം വിലയിരുത്തുന്നു. വിശ്വാസിസമൂഹം പൂർണതോതിൽ സമരക്കാർക്കൊപ്പമില്ലെന്ന കണക്കുകൂട്ടലുമുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറിയുടെയും മറ്റ് ചില പിന്നാക്ക, ആദിവാസി സംഘടനകളുടെയും നിലപാടുകൾ തുണയാകുമെന്നും വിശ്വസിക്കുന്നു.

എന്നാൽ, മദ്ധ്യതിരുവിതാംകൂറിൽ മാത്രമല്ല, കേരളത്തിലാകെ വിശ്വാസിസമൂഹം വിധിക്കെതിരാണെന്ന് വിലയിരുത്തുന്ന കോൺഗ്രസ് നേതൃത്വം, ശബരിമലയിലെ സംഘർഷാന്തരീക്ഷം സർക്കാരിനെതിരായ ശക്തമായ രാഷ്ട്രീയായുധമാക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ, സി.പി.എമ്മിനും ഇടതിനും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ക്ഷീണമാകുമെന്നും അവർ കണക്കുകൂട്ടുന്നു. വിശ്വാസിസമൂഹത്തിനൊപ്പം മരണംവരെ എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് കഴിഞ്ഞദിവസം രാഹുൽഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ളതാണ്.

ശബരിമലവികാരം ശക്തമായുള്ള മദ്ധ്യതിരുവിതാംകൂറിലെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ ശക്തി കൂട്ടാൻ ഇപ്പോഴത്തെ നീക്കം ഉപകരിക്കുമെന്ന് ബി.ജെ.പി നേതൃത്വവും വിലയിരുത്തുന്നു. സംസ്ഥാനത്തെ വികാരം തിരിച്ചറിഞ്ഞ് ആർ.എസ്.എസ് അഖിലേന്ത്യാനേതൃത്വവും നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയം. എന്നാൽ, വിധി മറികടക്കാനുള്ള നിയമനിർമ്മാണത്തിന് കേന്ദ്ര ഇടപെടൽ വേണമെന്നിരിക്കെ, എതിരാളികളുടെ ഈ ചോദ്യം ബി.ജെ.പി കേന്ദ്രങ്ങളെ കുഴക്കുന്നതുമാണ്.

പ്രളയത്തെ ജാതി,മത ഭേദമെന്യേ നേരിട്ട് മാതൃകയായ കേരളത്തിന് മുന്നിൽ ശബരിമല വിധി ധ്രുവീകരണത്തിന് മരുന്നാകുന്നുവെന്ന വൈരുദ്ധ്യവും ഈ വോട്ട്ബാങ്ക് രാഷ്ട്രീയക്കളി കാണിച്ചുതരുന്നുണ്ട്.