തിരുവനന്തപുരം: ആക്ടിവിസ്റ്റുകൾക്ക് കയറാനുള്ള ഇടമല്ല ശബരിമലയെന്നും വരുന്നവരുടെ ഉദ്ദേശ്യശുദ്ധി കൂടി പൊലീസ് പരിശോധിക്കേണ്ടതായിരുന്നു എന്നും രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത് ശബരിമല സംഘർഷത്തിനിടെ, മറ്റൊരു വിവാദമായി. സി.പി.എം സെക്രട്ടേറിയറ്റ് ചേരുന്നതിനിടെ മന്ത്രിയെ എ.കെ.ജി സെന്ററിലേക്ക് നേതൃത്വം വിളിച്ചു. കോടതിവിധി നടപ്പാക്കുകയെന്ന ബാദ്ധ്യത സർക്കാർ നിറവേറ്റവേ, അപകടമുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിലായിരുന്നു ഇത്. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി നിലപാട് മയപ്പെടുത്തി. പൊലീസിനെ വിമർശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ആക്ടിവിസ്റ്റുകളെയല്ല, കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ട് വരുന്നവരെയാണ് താനുദ്ദേശിച്ചതെന്ന് വൈകിട്ടോടെ വിശദീകരിച്ചു. തൊഴാൻ വരുന്നവരെല്ലാം ഭക്തരാണ്, ആക്ടിവിസ്റ്റുകളെന്ന വേർതിരിവില്ലെന്നും മന്ത്രി പറഞ്ഞു.

ദേവസ്വംബോർഡ് യോഗത്തിന് തൊട്ടുമുമ്പ് എ.കെ.ജി സെന്ററിലെത്തിയ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനുമായും അവിടെ ചർച്ച നടത്തി. കാനത്തെ എ.കെ.ജി സെന്ററിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു.

ശബരിമലവിവാദം ബി.ജെ.പിക്ക് മുതലെടുക്കാനവസരമുണ്ടാക്കിക്കൊടുത്തെന്ന ആക്ഷേപം സർക്കാരിനെതിരെ നിലവിലുണ്ട്. ബി.ജെ.പിയെ വളർത്തി മതനിരപേക്ഷശക്തികളെ തളർത്താൻ നീക്കമെന്ന് കോൺഗ്രസും ബി.ജെ.പിക്ക് കീഴടങ്ങി കോൺഗ്രസ് സ്വയം തകരുന്നുവെന്ന് സി.പി.എമ്മും ആരോപിക്കുന്നു. 1988ൽ ഗുരുവായൂരിൽ സി.പി.എം മാനേജ്മെന്റിനെതിരെ അശോക് സിംഗാൾ നേതൃത്വം നൽകിയ സമരം പോലെ ശബരിമലസമരത്തെ സി.പി.എം നേതൃത്വം വിലയിരുത്തുന്നുണ്ട്. അന്നത്തെ പോലെ ബി.ജെ.പിക്ക് ഇതും ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ.