santhi
f


തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ വ്രതാനുഷ്ഠാനത്തിന്റെയും ഭക്തിയുടെയും നിറവിൽ ഇന്നലെ സന്യാസദീക്ഷാ വാർഷികം നടന്നു. സന്യാസി സന്യാസിനിമാരുടെയും ബ്രഹ്മചാരി ബ്രഹ്മചാരിണികളുടെയും നേതൃത്വത്തിൽ പ്രത്യേക പുഷ്പസമർപ്പണവും പ്രാർത്ഥനയും നടന്നു. 1984 ഒക്ടോബർ നാലിന് 31 ശിഷ്യന്മാർക്ക് ഗുരു, സന്യാസ ദീക്ഷ നൽകിയതിന്റെ വാർഷികാഘോഷമാണിത്. ഉച്ചക്ക്12ന് താമര പർണശാലയിൽ ആരാധനയും ഗുരുപൂജയും സന്യാസിമാർക്കുള്ള രക്ഷാകർത്താക്കളുടെ സമർപ്പണവും നടന്നു. വൈകിട്ട് സന്യാസി സന്യാസിനിമാരും രക്ഷാകർത്താക്കളും പങ്കെടുത്ത ഭക്തി നിർഭരമായ ദീപപ്രദക്ഷിണം നടന്നു.
സന്യാസദീക്ഷാ വാർഷികത്തിന് മുന്നോടിയായി ഒൻപത് ദിവസത്തെ സത്സംഗമാണ് നടന്നത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാപന പ്രഭാഷണം നടത്തി. പഴയതിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ സന്യാസി സമൂഹത്തിൽ ഉണ്ടാകുന്ന പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാനും വേണ്ടിവന്നാൽ ഇടപെടാനും കഴിയുന്നവനായിരിക്കണമെന്ന് ശാന്തിഗിരി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. സന്യാസി എന്നതിനോട് സമൂഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടിൽ മാറ്റം വന്നിരിക്കുന്നു. പൊതുവിഷയങ്ങളിൽ സന്യാസിമാരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുകയും വിലമതിക്കുകയും ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളത്. അതോടൊപ്പം തന്നെ സമൂഹത്തിലെ എല്ലാ വ്യവഹാരങ്ങളും സന്യാസിക്ക് അനുവദനീയവുമല്ല. ജീവിതം വിജയിക്കണമെങ്കിൽ ഗുരുത്വം വേണം. നമ്മെ ദൈവത്തിലെത്തിക്കുന്ന മാർഗമാണ് ഗുരു. ഗുരുവിന്റെ നിർദ്ദേശമാണ് അനുസരിക്കേണ്ടതും. ഗുരു എന്ന ഏകസൂര്യനെ മാത്രം മനസിൽ ധ്യാനിച്ച് ഇരവുപകലുകൾ നന്മചെയ്യാൻ മാറ്റിവയ്ക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ് സന്യാസിമാർ- സ്വാമി പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി സത്സംഗം ഉദ്ഘാടനം ചെയ്തു.