തിരുവനന്തപുരം:ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പൊലീസ് നടപടിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രപ്രവേശനത്തിന് കർശനമായ സുരക്ഷ ഒരുക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ കത്ത് മുഖേന സംസ്ഥാനത്തെ അറിയിച്ചു. ക്രമസമാധാനം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ യുക്തമായ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനും സാമൂഹ്യമാദ്ധ്യമങ്ങളെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും കത്തിലുണ്ട്.
ശബരിമല ക്ഷേത്ര ദർശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകുക എന്ന ഉത്തരവാദിത്വം നിർവഹിക്കുകയാണ് സർക്കാർ. എന്നാൽ ചിലരെ ഒരുകൂട്ടം ആളുകൾ തടയുകയും നിയമം കൈയിലെടുക്കുകയുമാണ്. അതിനെ മറികടന്ന് സ്ത്രീകൾക്ക് ദർശനം സാദ്ധ്യമാക്കുന്നതിനും സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിനും ഉതകുന്ന പ്രവർത്തനമാണ് പൊലീസിന്റേത്. സന്നിധാനത്ത് എത്തിച്ചേരുന്നതിനും അയ്യപ്പദർശനം നടത്തുന്നതിനും ഭക്തരായ ആർക്കും അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കുന്നതിനുള്ള സുരക്ഷ ഒരുക്കും.കോടതി വിധി വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും
ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ ക്ഷേത്രം അടച്ചിട്ടിരുന്നു. കടുത്ത ജനകീയ സമ്മർദ്ദത്തെത്തുടർന്ന് അത് തുറക്കേണ്ടി വന്നു. 1936 ൽ തിരുവിതാംകൂർ സർക്കാരും 1938 ൽ മദിരാശി സർക്കാരും എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിൽ 1947 വരെ അവർണർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നീണ്ട 9 വർഷം നടന്ന ജനകീയ ഇടപെടലുകളിലൂടെ മദിരാശി സർക്കാർ നിയമം നിർമിച്ചാണ് ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശനം സാദ്ധ്യമാക്കിയത്. ആരാധനാ സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാൻ പറ്റുന്ന ഒന്നല്ല എന്ന ചരിത്രമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത്.