അമ്മ റിപ്പബ്ലിക്കിൽ കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിഞ്ഞ് കൂടുന്ന പരമസാധുവെ നോക്കി, മാ നിഷാദ! എന്ന് വിളിക്കാൻ ഹൃദയം കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയവർക്കേ സാധിക്കൂ. ഏതോ നടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്നോ മറ്റോ പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടാൽ ഏത് പഷ്ണിക്കോലവും പോയി ജയിലിൽ കിടക്കും. നാല് നേരം സുഭിക്ഷമായി കഴിക്കാൻ കിട്ടുന്ന വകുപ്പ് ജയിലില്ലാതെ മറ്റെവിടെയുമില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ പഷ്ണിക്കോലങ്ങൾക്കും ഉണ്ടാകും.
ജീവിക്കാൻ ജയിലിൽ പോയവനെ നോക്കിയാണ് കുറ്റവാളിയെന്നും പ്രതിയെന്നുമൊക്കെ വിളിച്ച് കൂവുന്നത് എന്നോർത്തപ്പോഴാണ് സിദ്ദിഖ് അങ്കിളും ലളിതേച്ചിയും തേങ്ങിപ്പോയത്. ആ കോലത്തിന്റെ കഞ്ഞികുടി മുട്ടിക്കാൻ കുറേ നടിമാർ ഒരുമ്പെട്ടിറങ്ങിയാൽ എന്ത് ചെയ്യണം? സാധാരണ, കരിങ്കല്ലിൻ ഹൃദയങ്ങൾ കണ്ടാൽ ലളിതേച്ചി തേങ്ങുകയല്ല പതിവ്. വിങ്ങിപ്പൊട്ടുകയാണ്. അത് ലളിതേച്ചിയുടെ വീക്ക്നെസായി കാണേണ്ട. സംഗീതനാടക അക്കാഡമിയുടെ അദ്ധ്യക്ഷയായേപ്പിന്നെ സംഭവിച്ചുപോയ ശീലമാണ്.
ലളിതേച്ചി അല്ലെങ്കിലും ഒരു പാവം മാനവഹൃദയമാണ്. ഇടത് ബുദ്ധിജീവിയാകാനും സംഗീതനാടക അക്കാഡമിയുടെ അദ്ധ്യക്ഷക്കസേരയിൽ തോർത്തും വിരിച്ചിരിക്കാനും ലളിതേച്ചിക്കുള്ള പ്രത്യേകസിദ്ധി മനസിലാക്കിയിട്ടാണ് മഹാസാധു പിണറായി സഖാവും വ്യത്യസ്തനാമൊരു ബാലൻ സഖാവും ഈ സാഹസ കൃത്യത്തിന് മുതിർന്നതും. സംഗീതനാടക അക്കാഡമിയിലെ കസേരവിരി അങ്ങനെ വരുന്നവർക്കും പോകുന്നവർക്കും വലിച്ചിട്ട് കൊടുക്കാൻ തക്ക സാധനമല്ല. തിക്കോടിയൻ മാഷെ പോലെ ചില വഴിപോക്കർ പണ്ട് കേറിയിരുന്നത് ചില തെറ്റിദ്ധാരണകളുടെ പുറത്ത് മാത്രമാണ്. ലളിതേച്ചി ഇരിക്കാനെത്തിയതോടെയാണ് കസേരയുടെ വലിപ്പം നാലാളറിഞ്ഞത് ! അതല്ല, അതിന് മുമ്പ് മുകേഷ് അങ്കിൾ ഇരുന്നപ്പോഴാണ് കേൾവി കേട്ടതെന്ന് ചില ചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്. ചെഗുവേരയുടെ മനസ്സും കാൾമാർക്സിന്റെ ബുദ്ധിയും ചേർന്ന മിശ്രിതമായ ബു.ജി വിഭാഗത്തിൽ അവശേഷിക്കുന്ന ബേബിസഖാവാണ് മുകേഷങ്കിളിലൂടെ ആ സൗഭാഗ്യം നാട്ടുകാർക്കുണ്ടാക്കി കൊടുത്തത് എന്നോർക്കുമ്പോൾ അനല്പമായ ആഹ്ലാദം അമ്മ റിപ്പബ്ലിക്കിൽ പോലും അണപൊട്ടിപ്പോയിട്ടുണ്ടത്രെ.
അമ്മ റിപ്പബ്ലിക്കിൽ എന്തിനും ഏതിനും പ്രത്യേകം ശീലങ്ങളൊക്കെയുണ്ട്. പ്രസിഡന്റായ കംപ്ലീറ്റ് ആക്ടറെ കണ്ടാലറിയാം അമ്മയിലെ പഞ്ഞം! അതുകൊണ്ടാണ് സിദ്ദിഖ് അങ്കിളും ലളിതേച്ചിയും അമ്മ റിപ്പബ്ലിക്കിന്റെ സിദ്ധാന്തങ്ങൾ മാലോകരെ അറിയിക്കാൻ തുനിഞ്ഞിറങ്ങിയത്. പെണ്ണൊരുമ്പെട്ടാൽ അമ്മയും തടുക്കില്ല എന്ന മുന്നറിയിപ്പ് ബോർഡ് ഈ റിപ്പബ്ലിക്കിന്റെ കവാടത്തിൽ തൂക്കിയിട്ടിട്ടുണ്ട്. മീടു എന്നെല്ലാം പറഞ്ഞ് ഇറങ്ങി വരുന്ന ഇനങ്ങളെ മുക്കാലിയിൽ കെട്ടിയടിക്കണമെന്ന് സിദ്ദിഖങ്കിൾ വിനയാന്വിതനായത് അതിനാലാണ്. പത്തിരുപത് കൊല്ലം മുമ്പ് നടന്നത് ഇപ്പോഴാണോ പറയേണ്ടത്! ലളിതേച്ചിക്ക് അത് നല്ലത് പോലെ അറിയാം. അമ്പത് കൊല്ലം മുമ്പ് അടൂർഭാസിച്ചേട്ടൻ എന്തോ തോന്ന്യാസം കാട്ടിയെന്ന് ലളിതേച്ചി ഇപ്പോൾ പറഞ്ഞത് മീടുക്കാരികൾ പറയുമ്പോലെയായിരുന്നില്ല. അതുകൊണ്ടാണ് പതിനഞ്ച് കൊല്ലം മുമ്പ് നടന്നത് വിളിച്ചുപറഞ്ഞ 'മീടു'ക്കാരികളോട് ലളിതേച്ചിക്ക് പുച്ഛം തോന്നിയത്.
അമ്മ റിപ്പബ്ലിക്കിലെ രീതിശാസ്ത്രമനുസരിച്ചാണ് പെൺപരാതിപരിഹാര സെല്ലിൽ ലളിതേച്ചിയെ അദ്ധ്യക്ഷയാക്കിയത്. അല്ലെങ്കിലും അദ്ധ്യക്ഷയായിരിക്കാൻ ലളിതേച്ചിയെ കഴിഞ്ഞല്ലേ മറ്റാരുമുള്ളൂ! മഹാസാധു പിണറായി സഖാവ് ഭരിക്കുന്ന നാട്ടിൽ സംഗീതനാടക അക്കാഡമിയുടെ അദ്ധ്യക്ഷയായിരിക്കുന്ന ലളിതേച്ചിയെ അല്ലാതെ കംപ്ലീറ്റ് ആക്ടർ ഭരിക്കുന്ന അമ്മയിലെ പരാതി പരിഹാരസെല്ലിൽ അദ്ധ്യക്ഷയാക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത് പോലും മഹാ അപരാധമാണ്.
ചില നടിമാർക്ക് അമ്മ റിപ്പബ്ലിക്കിലെ ശീലങ്ങളോട് പൊരുത്തപ്പെടാനാവാത്തത് അവരുടെ മാത്രം കുറ്റം കൊണ്ടാണ്. നടി എന്ന് വിളിച്ച് കംപ്ലീറ്റ് ആക്ടർ അപമാനിച്ചുവെന്ന് പരിഭവിച്ചിട്ട് വല്ല കാര്യവുമുണ്ടോ? മൂർദ്ധാവ് തൊട്ട് കാല്പാദം വരെ നടനം കൊണ്ടുനടക്കുമ്പോൾ കംപ്ലീറ്റ് ആക്ടറിന് ആരെയെങ്കിലും എടീ മണ്ഡോദരീ എന്ന് വിളിക്കാനാകുമോ? അതുകൊണ്ട് നടിമാർ അതു പറഞ്ഞു, നടിമാർ ഇതു പറഞ്ഞു എന്ന് അദ്ദേഹം പറഞ്ഞുപോയി. അതിലൊന്നും ഒരു തെറ്റുമില്ല.
'നസ്ത്രീ ' സ്വാതന്ത്ര്യമർഹതി എന്നു പറഞ്ഞാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്നാണ് അർത്ഥമെന്ന് മനസ്സിലാക്കി വച്ചിട്ടുള്ള ശുദ്ധാത്മാക്കളാണ് അമ്മ റിപ്പബ്ലിക്കിലെ സിദ്ദിഖങ്കിളും ലളിതേച്ചിയും തൊട്ട് ബാബുരാജേട്ടനും വരെയെന്ന് അറിയാത്തവർക്ക് ഈ റിപ്പബ്ലിക്കിനെപ്പറ്റി ഒരു ചുക്കും അറിയില്ല!
...........................
ആക്ടിവിസ്റ്റുകൾക്ക് കയറി കളിക്കാനുള്ളതല്ല ശബരിമലയെന്ന് കടകംപള്ളി സഖാവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ പണ്ട് എ.കെ.ജി സഖാവും കൃഷ്ണപിള്ള സഖാവും സമരം കിടന്നപ്പോൾ ഏതാണ്ടിത് പോലൊക്കെ ആരൊക്കെയോ പറഞ്ഞതായി അശരീരികളുയരുന്നുണ്ട്. അശരീരി ആയതുകൊണ്ട് കാര്യമാക്കേണ്ട!
ഇ -മെയിൽ: dronar.keralakaumudi@gmail.com