ശിവഗിരി: ഗുരുദേവ ദർശനം ജനങ്ങളിലെത്തിക്കാൻ സർവ്വാർപ്പണം നടത്തിയ മഹാത്മാവാണ് സ്വാമി ധർമ്മതീർത്ഥരെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ സ്വാമി ധർമ്മതീർത്ഥർ, ടി.കെ.നാരായണൻ ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദർശനത്തിന്റെ അനന്തസാദ്ധ്യതകൾ കണ്ടെത്തിയ സന്യാസിശ്രേഷ്ഠനുമായിരുന്നു സ്വാമി ധർമ്മതീർത്ഥർ. ധർമ്മസംഘത്തിന്റെ നിയമാവലി തയ്യാറാക്കിയത് അദ്ദേഹമാണ്. ഗുരുദേവന്റെ കൃതികളും സംഭാഷണങ്ങളും ഭാവി തലമുറയ്ക്കുവേണ്ടി സമാഹരിച്ച് പ്രസിദ്ധീകരിച്ചു. ഗുരുദേവനെക്കുറിച്ച് ദി പ്രോഫറ്റ് ഓഫ് പീസ് എന്ന ഇംഗ്ലീഷ് ഗ്രന്ഥവും രചിച്ചു. പൂർവ്വാശ്രമത്തിൽ പരമേശ്വരമേനോനായിരുന്ന സ്വാമി ധർമ്മ തീർത്ഥർ അഭിഭാഷകവൃദ്ധിയിൽ നിന്നാണ് സന്യാസത്തിലേക്ക് വന്നത്. ഗുരുദേവന്റെ മഹാസമാധിക്കു ശേഷം കുറേനാൾ കഴിഞ്ഞ് അദ്ദേഹം ധർമ്മസംഘം വിട്ടുപോവുകയും ക്രിസ്തുമതം സ്വീകരിച്ച് ജോൺ ധർമ്മതീർത്ഥരാവുകയും ചെയ്തു. എന്നാൽ, ഗുരുദേവൻ തന്നെയാണ് തനിക്ക് ഗുരു എന്ന് അവസാനകാലം വരെയും അദ്ദേഹം പറഞ്ഞിരുന്നു.
എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ സെക്രട്ടറിയും സഞ്ചാര സെക്രട്ടറിയുമായിരുന്ന ടി.കെ.നാരായണൻ മഹാകവി കുമാരനാശാന്റെയും അനുയായി ആയിരുന്നു. ഗുരുദേവന്റെ ജീവചരിത്രം 1922ൽ എഴുതി ആദ്യമായി പ്രസിദ്ധീകരിച്ചത് ടി.കെ.നാരായണൻ ആണ്. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചും ഗുരുദർശനത്തെക്കുറിച്ചും സാധാരണക്കാർക്കിടയിൽ അവബോധമുണ്ടാക്കാൻ അനവരതം പ്രവർത്തിച്ച ഗുരുദേവ ശിഷ്യനായിരുന്നു സ്വാമി ധർമ്മതീർത്ഥരെന്ന് പി.ആർ.ശ്രീകുമാർ പറഞ്ഞു. ഗുരുവിന്റെ സന്യാസശിഷ്യരിൽ തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. ഗുരുവിന്റെ ജീവചരിത്രം ഇംഗ്ലീഷിൽ എഴുതി പ്രസിദ്ധീകരിച്ചതോടൊപ്പം സ്വാമി ബോധാനന്ദയുമായി ചേർന്ന് ശ്രീനാരായണ മതം സ്ഥാപിക്കുകയും ആ പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
നവോത്ഥാന കാലഘട്ടത്തിൽ തിരുവിതാംകൂറിലെ പൊതുജീവിതത്തിൽ ജ്വലിച്ചുനിന്ന പ്രതിഭാശാലികളിൽ ഒരാളായിരുന്നു പത്രാധിപർ ടി.കെ. നാരായണനെന്ന് റിട്ട. എസ്.പിയും ടി.കെയുടെ ഇളയ മകനുമായ കെ.എൻ.ബാൽ പറഞ്ഞു.
ഡോ. ബി.കരുണാകരൻ രചിച്ച ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകവും ഏകദൈവാരാധനയും എന്ന പുസ്തകവും കെ.എൻ.ബാൽ രചിച്ച ശ്രീനാരായണഗുരുദേവനും ഗൃഹസ്ഥശിഷ്യൻ പത്രാധിപർ ടി.കെ.നാരായണനും എന്ന പുസ്തകവും സ്വാമി സച്ചിദാനന്ദ പി.ആർ.ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്തു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി, രാജേഷ് നെടുമാട്, ഡി.പ്രേംരാജ്, അജി.എസ്.ആർ.എം, അഡ്വ. സിനിൽമുണ്ടപ്പളളി, കിരൺചന്ദ്രൻ, സജി എസ്.ആർ.എം, ആലുവിള അജിത്ത്, വിജീഷ് മേടയിൽ, സന്തോഷ് മാധവൻ, സുവർണകുമാർ എന്നിവർ സംബന്ധിച്ചു.
ഇടുക്കി യൂണിയൻ പ്രസിഡന്റ് രാജൻ ഇടുക്കി, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, സെക്രട്ടറി ലതീഷ് അടിമാലി എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കുകൊണ്ടു.
ശിവഗിരിയിൽ ഇന്ന് :
രാവിലെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.