manavadarshanam

വർക്കല നാരായണഗുരുകുലത്തിനു തൊട്ടടുത്താണ് ശിവഗിരി ഹൈസ്‌കൂൾ. അവിടെ രാവിലെ ഞാൻ നടക്കാൻ പോകും. ഒരു ദിവസം കാലത്തു ചെല്ലുമ്പോൾ ഒരു പുതിയ കാഴ്ച കണ്ടു. അവിടെ സിമന്റിട്ടു തയ്യാറാക്കിയിരിക്കുന്ന ഒരു കളിക്കളത്തിൽ അനേകം കുട്ടികൾ റോളർ സ്‌കേറ്റിംഗ് അഭ്യസിക്കുന്നു. അവരെ അത് അഭ്യസിപ്പിക്കാൻ ഒരാൾ. അവരെ കൊണ്ടുവന്ന രക്ഷിതാക്കൾ കാറുകളൊക്കെ പരിസരത്ത് ഇട്ടിട്ട് കുട്ടികളുടെ അഭ്യാസം കണ്ട് രസിക്കുന്നു.

ഓരോ കാലിന്റെയും അടിയിൽ നാലു വീലുകൾ വീതമുള്ള റോളറുകൾ കെട്ടിയുറപ്പിച്ച് അതിൽ കയറിയുള്ളതാണ് അഭ്യാസം. ഇതു കഴിഞ്ഞാൽ വെറും രണ്ടു വീലുകൾ മാത്രമുള്ള ഒരൊറ്റ സ്‌കേറ്റിംഗ് ബോർഡിൽ രണ്ടു കാലുകളും ഉറപ്പിച്ചുകൊണ്ടുള്ള അഭ്യാസം തുടങ്ങും.

വളരെ ചെലവേറിയതാണ് ഈ കളി. വിലപിടിപ്പുള്ള റോളറുകൾ, സമനില തെറ്റി കുട്ടികൾ തറയിൽ വീണാൽ തലയ്ക്കു പരിക്കു പറ്റാതിരിക്കാനായി ധരിക്കേണ്ട പ്രത്യേകതരം തൊപ്പി, പ്രത്യേകതരം വേഷം, പരിശീലകന് നൽകേണ്ട ഫീസ്, രക്ഷിതാക്കൾ ഇതിനു വേണ്ടി ചെലവിടുന്ന സമയം - ഇങ്ങനെ പോകുന്നു ഈ കളിക്കു നൽകേണ്ട വില. ഇത്രയൊക്കെ മുൻകരുതലുകളെടുത്തിട്ടും പൊണ്ണത്തടിയന്മാരായി വളരുന്ന കുട്ടികൾ. അതുപോലെയുള്ള രക്ഷിതാക്കളും !

ഇതൊക്കെ കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർത്തുപോയി. ആ പ്രദേശത്തുള്ള സമപ്രായക്കാരായ കുട്ടികളെല്ലാം വൈകുന്നേരം ഒരിടത്ത് ഒരുമിച്ചുകൂടും. അങ്ങനെ കുട്ടികൾ ഒത്തുചേർന്ന് കളിക്കുന്നതിനുവേണ്ടി ഒരാൾ തന്റെ ഭൂമിയുടെ ഒരു ഭാഗം ഒഴിച്ചിട്ടിരിക്കുക വരെ ചെയ്തിരുന്നു. അന്നു ഞങ്ങൾക്കു പലതരം കളികളുണ്ട്. പന്തുകളി, കിളിത്തട്ടുകളി, കബടികളി, കുട്ടിയും കോലും കളി എന്നിങ്ങനെ പലതും. ഒന്നിനും വേണ്ട പണം കൊടുത്തു വാങ്ങേണ്ട ഒരു ഉപക‌രണവും. ഫുട്‌ബാൾ എന്നൊരു കളിയുണ്ടെന്ന് ഞാൻ അറിയുന്നതുപോലും ഹൈസ്കൂളിൽ ചേർന്നതിന് ശേഷമാണ്.

ഞങ്ങളെല്ലാം പൂർണ ആരോഗ്യവാന്മാർ. പൊണ്ണത്തടിയുള്ള ആരുമില്ല. പൊണ്ണത്തടിയുള്ള ഒരാൾപോലും നാട്ടിലെങ്ങുമില്ല. ഞാൻ ആശുപത്രിയുടെ പടി ആദ്യമായി കടക്കുന്നത് 17-ാം വയസിലാണ്. അതായത്, ആരോഗ്യം ഭദ്രം. എന്നാൽ നാട്ടിലുള്ളവരെല്ലാം പാവങ്ങൾ. ഇന്നു ശിശുരോഗവിദഗ്ദ്ധന്റെ ചികിത്സ ആവശ്യം വരാതെ ഒരു കുട്ടിയെങ്കിലും വളരുന്നുണ്ടോ?

ഇന്ന് അതേ നാട്ടിലുള്ളവർ മിക്കവരും സമ്പന്നർ. ചെലവിടാൻ കൈവശം പണം ധാരാളമുള്ളപ്പോൾ മക്കൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ രക്ഷിതാക്കൾ നിർലോഭം വാങ്ങും. ഒപ്പം കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊണ്ണത്തടി വർദ്ധിക്കുന്നതിലും ഒരു ലോഭവുമില്ല.

ഇതൊക്കെ കാലത്തിന്റെ കോലമോ വികസനം സൃഷ്ടിച്ച മറിമായമോ!