നെയ്യാറ്റിൻകര : ഒരാഴ്ച മുൻപ് നിർമ്മിച്ച കുഴിച്ചാണി - കുട്ടനാടി റോഡിലെ മണ്ണടിവിളയിലെ ഒാടയുടെ പാർശ്വഭിത്തി തകർന്നു. ചെങ്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടിൽ നിന്ന് 9.57ലക്ഷം രൂപ ചെലവിൽ 166.5 മീറ്ററിൽ നിർമിച്ച ഓടയുടെ 25 മീറ്ററോളം ഭാഗമാണ് ശക്തമായ മഴയിൽ തകർന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴുക്കി നെയ്യാറിലേക്ക് വിടാനായാണ് ഓട നിർമിച്ചത്. എന്നാൽ അനാവശ്യമായാണ് ഓടനിർമിച്ചതെന്നും നാട്ടുകാർ പറയുന്നു. അതേ സമയം ഓടയുടെ നിർമാണ വേളയിൽ പാർശ്വഭിത്തിയുടെ ബലക്കുറവിനെക്കുറിച്ച് നാട്ടുകാർ പരാതി അറിയിച്ചെങ്കിലും അധികൃതർ അത് ചെവിക്കൊള്ളൻ തയാറായില്ലെന്നാണ് ആരോപണം. സംഭവമറിഞ്ഞ് ഇന്നലെ പുലർച്ചെ പാർശ്വഭിത്തി നിർമിക്കാനായി തൊഴിലാളികൾ വീണ്ടും എത്തിയെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. പാർശ്വഭിത്തി പൂർണമായും പൊളിച്ചു നീക്കി പുതുതായി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ചില നാട്ടുകാരുടെ ഒത്താശയോടെ പാർശ്വഭിത്തി തകർത്തതെന്ന് തൊഴിലുറപ്പ് പദ്ധതിയുടെ എക്‌സിക്യൂട്ടീവ് എൻജിനിയർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.