മദ്യപാനശീലമുള്ളവർക്കും മദ്യം കഴിക്കാത്തവർക്കും പരസ്പരം ദ്വേഷം ഉണ്ടാകാറുണ്ട്. എന്താണ് ഇതിന്റെ അടിസ്ഥാനം?
മദ്യത്തിൽ സുഖം കണ്ടെത്തുന്നവരിൽ ഒരു ശക്തിവിശേഷം പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പേര് താമസി എന്നാണ്. ഇരുളിലാണ് അതിന്റെ സുഖമിരിക്കുന്നത്. മദ്യം ബോധത്തെ ഇല്ലാതാക്കുമ്പോൾ ആ ഇരുളിലിരുന്നാണ് മദ്യപൻ സുഖിക്കുന്നത്. വ്യഭിചരിക്കുന്നവനും ഇരുളിലിരുന്നാണ് സുഖം അനുഭവിക്കുന്നത്. ഉറക്കപ്രിയരും ഇരുളിലാണ് സുഖിക്കുന്നത്. ഭക്തിപൂർവം പ്രാർത്ഥന നടത്തി സുഖം കണ്ടെത്തുന്നവരുണ്ട്. ധ്യാനത്തിലിരുന്ന് സുഖം അറിയുന്നവരുണ്ട്. സത്കർമ്മങ്ങൾ ചെയ്തും അന്യനെ സഹായിച്ചും സുഖം കണ്ടെത്തുന്നവരുണ്ട്. അവർക്ക് സുഖം അനുഭവപ്പെടുന്നതിന് കാരണം തൈജസി എന്ന ശക്തിയാണ്. രണ്ട് ശക്തികളും ഇരുട്ടും വെളിച്ചവും പോലെയാണ്. ഒരിക്കലും ഒന്നിച്ചിരിക്കില്ല. അതുകൊണ്ടാണ് ഈ രണ്ടുതരം ശക്തികളിലൂടെ ജീവിതസുഖം തേടുന്നവർ ഒരിക്കലും ചേർന്നുപോകാത്തത്.
ഇവർക്കിടയിൽ ദ്വേഷമുണ്ടാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. തൈജസിയിലൂടെയും താമസിയിലൂടെയും സുഖം തേടുന്നവർ ഒരേയൊരു മഹാമതിയിൽ നിന്ന് വേർപെട്ടുവന്ന ബുദ്ധിയുടെ ജീവരൂപങ്ങളാണ്. അതിനാൽത്തന്നെ മദ്യം എന്ന താമസസുഖത്തിന്റെ അടിമയായി കിടക്കുമ്പോഴും അവന്റെ അന്തരാത്മാവിൽ താൻ തമോശക്തിക്ക് അടിമയാണെന്ന ബോധം കിടപ്പുണ്ട്. അതിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നത് അയാളിൽ ഒരു കോംപ്‌ളക്‌സ് ഉണ്ടാക്കുന്നുമുണ്ട്. അപ്പോൾ അതിൽനിന്ന് രക്ഷപ്പെട്ടവനെ കാണുമ്പോൾ അജ്ഞതയാൽ ഈർഷ്യ തോന്നും. മദ്യപിക്കുന്നവൻ അജ്ഞതകൊണ്ടാണ് അത് ചെയ്യുന്നതെന്ന് തിരിച്ചറിയാനാവാത്തവിധം മദ്യപിക്കാത്തവനിലും ഒരു മായാമറ വന്നുവീഴും. അപ്പോൾ രണ്ടുകൂട്ടരും മായയുടെ പിടിയിൽ ആയിരിക്കുന്നതാണ് ദ്വേഷകാരണം. ആ മായയെ നീക്കാൻ മായാശക്തിയെ നിയന്ത്റിക്കുന്ന മായാവിയെ ആശ്രയിക്കുകയല്ലാതെ മാർഗമൊന്നുമില്ല.
മദ്യത്തിന് വശപ്പെട്ടുപോയവനെ സ്‌നേഹംകൊണ്ട് കീഴടക്കി ധ്യാനവും യോഗയും പ്രാർത്ഥനയും അഭ്യസിപ്പിച്ചുനോക്കൂ. അവൻ ആരുടെയും നിർബന്ധമില്ലാതെതന്നെ മദ്യം ഉപേക്ഷിക്കും. എന്താണതിന് കാരണം? ആ പ്രക്രിയകളിലൂടെ പോകുമ്പോൾ ആന്തരികമായി മായാവിനോദനെ അറിഞ്ഞുതുടങ്ങുന്നു. അപ്പോൾ മായ മാറിത്തുടങ്ങും. മായാശക്തികളുടെ സ്വാധീനവും ക്രമേണ ഇല്ലാതാകും. ചിലർ ജീവിതത്തിന്റെ വലിയഭാഗം ഈശ്വരവിശ്വാസമില്ലാതെ നടക്കും. പെട്ടെന്നൊരു ഘട്ടത്തിൽ ഭക്തിയിലേക്ക് കുന്തംമറിയും. പിന്നെ അവിടെക്കിടന്നുരുളും. അതും അജ്ഞതയാണ്. അവിശ്വാസത്തിൽ അമർന്നതും അയാളെ സംബന്ധിച്ച് ഒരു വിശ്വാസമായിരുന്നു. ഈശ്വരൻ ഇല്ലെന്നതാണ് ഈ വിശ്വാസം. ഈശ്വരൻ ഉണ്ട് എന്നതാണ് ഭക്തിയിലേക്ക് വീണപ്പോൾ ലഭിച്ച വിശ്വാസം. രണ്ടും രണ്ടുതരം ശക്തികൾക്ക് കീഴ്‌പ്പെടലാണ്. രണ്ട് ശക്തികളിലും കെട്ടിക്കിടക്കാതെ തൈജസിയുടെ കൈപിടിച്ച് സത്യബോധം എന്ന ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനാണ് ഗുരു മൊഴിയുന്നത്. മഹാഗുരു നമ്മെ പഠിപ്പിച്ചവഴി വളരെ വ്യക്തമാണ്. ഇരുട്ടിനെ ഇരുട്ടായും വെളിച്ചത്തെ വെളിച്ചമായും കാണാൻ ഗുരു ഉദ്‌ബോധിപ്പിച്ചു. നിലാവുപോലെ മങ്ങിയ വെളിച്ചമുണ്ട്. അവ്യക്തമായ അറിവ് നേടുന്ന അവസ്ഥയാണത്. അത് താമസിനിറഞ്ഞ തൈജസം പോലെയാണ്. ഇരുട്ടിൽ മുനിഞ്ഞുകത്തുന്ന എണ്ണയില്ലാത്ത വിളക്കിന്റെ വെളിച്ചത്തിലെന്നപോലെ ജീവിതത്തെ അറിയുന്നവരുണ്ട്. തൈജസ ഭാവമുള്ള താമസിയാണത്. നിലാവിൽ കയറു കണ്ടാൽ പാമ്പെന്നു തോന്നും. സൂര്യപ്രകാശത്തിൽ അത് കയറാണെന്ന് ബോദ്ധ്യം വരും. ഇതാണ് ഈ രണ്ട് അവസ്ഥയും പൂർണ ബൗദ്ധിക വെളിച്ചവും തമ്മിലുള്ള വ്യത്യാസം. ദർശനമാലയുടെ നാലാം പദ്യത്തിൽ ഇതേ തൈജസിയെയും താമസിയെയും ഗുരു പരിചയപ്പെടുത്തുന്നത് കാണുക:
ശക്തിസ്തു ദ്വിവിധാ ജ്‌ഞേയാ
തൈജസീ താമസീതി ച
സഹവാസോ f നയോർ നാസ്തി
തേജസ്തിമിരയോരിവ
ബ്രഹ്മത്തിൽ ഉറഞ്ഞിരിക്കുന്ന ശക്തി പുറത്തേക്ക് സ്പന്ദിക്കുന്നതിനെക്കുറിച്ചാണ് മൂന്നാം പദ്യത്തിൽ പറഞ്ഞത്. ആ ശക്തി സ്പന്ദിക്കുന്നത് രണ്ടായി തരം തിരിഞ്ഞാണ്. അതിലൊന്നിനെ തൈജസിയെന്നും രണ്ടാമത്തേതിനെ താമസിയെന്നും വിളിക്കുന്നു. ആത്‌മോപദേശ ശതകത്തിൽ ഗുരു ഈ ശക്തികളെ സമയെന്നും അന്യയെന്നുമാണ് വിളിച്ചത്. വിദ്യാശക്തിയെന്നും അവിദ്യാശക്തിയെന്നും ഇവയെ വിശേഷിപ്പിച്ചിട്ടുണ്ട്.
തൈജസിയെന്നും താമസിയെന്നുമുള്ള പ്രയോഗം ഭാരതീയവേദാന്തത്തിൽ നിന്നെടുത്തിട്ടുള്ളതാണ്. ദർശനമാല ശുദ്ധമായ വേദാന്തമായതിനാലാവാം ഭഗവാൻ അതേപേരുകൾ തന്നെ ഉപയോഗിച്ചത്. എന്തായാലും ഈ രണ്ടു ശക്തികളും ഒന്നിച്ചിരിക്കില്ല എന്നാണ് ഭഗവാൻ നാലാം പദ്യത്തിൽ പറയുന്നത്. കാരണം ഇവ രണ്ടും ഇരുട്ടും വെളിച്ചവും പോലെയാണ്. അതുകൊണ്ടാണ് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത് രണ്ട് വിരുദ്ധ പ്രകൃതക്കാർ തമ്മിൽ ഒന്നിച്ചുയോജിച്ച് പോകില്ല എന്ന്. ഭിന്നതയാണ് കലഹത്തിന് കാരണം. ഭിന്നശക്തികൾ ചേരിതിരിയുമ്പോൾ കലാപത്തിനു കാരണമാകുന്നു. സമകാലിക ലോകർക്ക് ഗുരുമൊഴിയുന്ന പൂർണസത്യത്തോട് താത്പര്യമില്ല. സുഖമാർഗങ്ങളോട് ചേർന്നു നിൽക്കുന്നവരെ കണ്ടെത്തി തങ്ങളുടെ മാർഗമാണ് ശരിയെന്ന് സ്ഥാപിക്കാനാണ് താത്പര്യം. ആശയപരമായ ചേരിതിരിയലിൽപ്പെട്ട് പോയിരിക്കുന്നു എല്ലാവരും. ഇക്കാലത്ത് ഒരാൾ മറ്റൊരുവനെ പരിചയപ്പെട്ടാൽ സമകാലികമായി കത്തിനിൽക്കുന്ന സാമൂഹ്യരാഷ്ട്രീയ,മത വിഷയങ്ങളിൽ അഭിപ്രായം ചോദിക്കും. അവന്റെ ആശയം തനിക്കനുകൂലമല്ലെങ്കിൽ ശത്രുസ്ഥാനത്തേക്ക് മാറ്റി നിറുത്തും. തന്റെ അഭിപ്രായക്കാരനാണെങ്കിൽ ചക്കരയും ഈച്ചയും പോലെയാകും ബന്ധം. ബോധമണ്ഡലത്തിൽ താമസി നിറഞ്ഞിരിക്കുന്നതാണ് ഇതിന് കാരണം. താമസിയെ പടിയിറക്കിവിടാനാണ് വിദ്യകൊണ്ട് സ്വതന്ത്രരാകേണ്ടത്.