തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി ആദ്യം എത്തുന്ന തീർത്ഥാടക സംഘമായ അഹമ്മദാബാദ് ശ്രീനാരായണ കൾച്ചറൽ മിഷൻ സാധന സംഘം ഇത്തവണയും പതിവ് തെറ്റിച്ചില്ല. മിഷൻ ജനറൽ സെക്രട്ടറി എം. എസ്. സുദർശനന്റെയും ഓർഗനൈസിംഗ് സെക്രട്ടറി ഷൈലജ സദാനന്ദന്റെയും നേതൃത്വത്തിലാണ് 20 അംഗസംഘം കേരളത്തിലെത്തിയത്. ശിവഗിരി, ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം, മരുത്വാമല എന്നിവിടങ്ങളിൽ ദർശനം തുടരുന്ന സംഘം കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രിയെ നേരിട്ട് സന്ദർശിച്ച് 30 ലക്ഷം രൂപയും സംഭാവന ചെയ്‌തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എം. എസ്. സുദർശൻ ചെക്ക് കൈമാറി. ട്രസ്റ്റി കെ.എസ്. സജീവ്, ജോ. ട്രഷറർ എൽ.ജി. സോമനാഥ്, ഓർഗനൈസിംഗ് സെക്രട്ടറി ഷൈലജ സദാനന്ദൻ, മാനേജിംഗ് കമ്മറ്റി അംഗം എ. ഷൺമുഖൻ എന്നിവരും പങ്കെടുത്തു.