പാറശാല: പാറശാലയിലെ പരശുവയ്ക്കൽ - പെരുവിള റോഡിലെ കുഴിയിൽ വീണ് നട്ടെല്ലൊടിയാത്തവർ ഇവിടെ ചുരുക്കമാണ്. പാറശാല ഗ്രാമ പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിൽ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇവിടെ വാർഷിക അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല. കാലങ്ങളായി തകർന്ന റോഡിൽ കഴിഞ്ഞ മഴവെള്ള പാച്ചിൽ വന്നതോടെ മെറ്രലുകൾ ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടു. ഇതിനൊപ്പം വാട്ടർ അതോറിട്ടിയുടെ വക പുതിയ പൈപ്പിടൽ കൂടി കഴിഞ്ഞതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. ഇവിടുത്തെ കുഴിയിൽ വീണ് വലുതും ചെറുതുമായ പല അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കീഴ്ക്കാംതൂക്കായ ഈ ഭാഗത്ത് റോഡ് തകർന്നതിനാൽ അപകടങ്ങൾ പതിവായി നടക്കാറുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്കൂൾ വാനുകളും മറ്റ് സ്വകാര്യവാഹനങ്ങളും കെ.എസ്.ആർ.ടി.സി, തമിഴ്നാട് ബസ് സർവീസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
റോഡിനോട് അനാസ്ഥമാത്രം
പരശുവയ്ക്കലിന് സമീപത്തായി റോഡിന് കുറുകെയുള്ള റയിൽവേ ട്രാക്കിന് മുകളിലൂടെ ഒരു വാഹനത്തിന് കടന്നുപോകത്തവണ്ണം പാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തും നിറയെ കുഴികൾ ആണ്. വേണ്ടത്ര തെരുവ് വിളക്കുകൾ പോലും പ്രകാശിക്കാത്ത റോഡ് സന്ധ്യ കഴിഞ്ഞാൽ കൂടുതൽ അപകടകരമായി മാറും. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് ഒരു വർഷത്തോളം കഴിഞ്ഞെങ്കിലും റോഡ് വെട്ടിപ്പൊളിച്ച ഭാഗം ടാർ ചെയ്തിട്ടില്ല. റോഡ് വെട്ടിപ്പൊളിച്ച ഭാഗം പൂർവ്വ സ്ഥിതിയിലാക്കുന്നതിന് തുക പി.ഡബ്ല്യൂ. ഡിക്ക് കൈമാറിയാൽ മത്രമേ വാട്ടർഅതോറിട്ടിക്ക് റോഡ് പൊളിക്കാൻ അനുവാദം നൽകു. അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിച്ച് റോഡിൽ മെറ്റൽ നിരത്തിയെങ്കിലും നാളിതുവരെ കഴിഞ്ഞിട്ടും റോഡ് താറ് ചെയ്യുന്നതിനുള്ള നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല. റോഡ് താറ്ചെയ്യാത്തതിന് മറുപടിയായി അധികൃതർക്ക് ആകെ ചൂണ്ടിക്കാണിക്കുന്നത് കാലങ്ങളായി ഇറക്കിയിട്ടിരിക്കുന്ന മെറ്റൽമാത്രമാണ്. .എന്നാൽ റോഡിൽ തന്നെ ഒരു ഭാഗത്തായി കൂട്ടി ഇട്ടിട്ടുള്ളത് ഗതാഗത തടസ്സങ്ങൾക്ക് കരണമാകുന്നതായും പരാതിയുണ്ട്. റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് അധികാരികളോട് പരാതിപ്പെട്ടാൽ കൺട്രാക്ടർ പണി നടത്തുന്നില്ല എന്നതായിരിക്കും മറുപടി.