തിരുവനന്തപുരം:വിട്ടൊഴിഞ്ഞെന്നു കരുതിയ കുഷ്ഠരോഗം വീണ്ടും വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ മാത്രം 273 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതിൽ 21 പേർ കുട്ടികളാണ്.
2005ലാണ് കുഷ്ഠരോഗം നിവാരണം ചെയ്തായി പ്രഖ്യാപിച്ചത്. എന്നാൽ, ശരിയായ ചികിത്സ കിട്ടാതെ എട്ടു ജില്ലകളിലെ രോഗികളിൽ ചിലർക്ക് അംഗവൈകല്യം സംഭവിച്ചു. തുടർന്നാണ് വ്യാപക സർവേക്ക് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. രണ്ടു തരത്തിലുള്ള കുഷ്ഠരോഗമാണ് വ്യാപിക്കുന്നത്. രണ്ടും ചികിത്സിച്ചു ഭേദമാക്കാം. പോസി ബാസിലറിക്ക് പകർച്ചാ ശേഷി കുറവാണ്. ആറു മാസത്തിനകം ഭേദമാക്കാൻ കഴിയും. മൾട്ടി ബാസിലറിക്ക് പകർച്ചാശേഷി കൂടുതലാണ്. ഒരു വർഷമെടുക്കും പൂർണമായി ഭേദമാകാൻ.
വായു വഴിയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണു വായുവിൽ പടരും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ മൂന്നു മുതൽ 5 വർഷം വരെ എടുക്കാം. മൈക്കോബാക്ടീരിയം ലെപ്‌റേ എന്ന ബാക്ടീരിയയാണ് രോഗാണു.
രോഗബാധിതരുടെ എണ്ണം
2016-17 > 496
2017-18 > 520
കുട്ടികളിലെ കുഷ്ഠരോഗ വർദ്ധന
2015-16 > 6.9%
2016-17 > 7.36
2017-18 > 9.42%
വൈകല്യം ബാധിച്ചവരുടെ നിരക്ക്
2015-16 > 7.3%
2016-17 > 13.1%
2017-18 > 9.6%
വൈകല്യം
വിരലുകൾ മടങ്ങിയിരിക്കുക, കൺപോളകൾ അടയ്ക്കാൻ കഴിയാതിരിക്കുക, പാദം നിലത്തു ചവിട്ടാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ള വൈകല്യങ്ങൾ. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള പാലക്കാടാണ് വൈകല്യം ബാധിച്ചവരുടെ എണ്ണവും കൂടുതൽ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വൈകല്യം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ലക്ഷണങ്ങൾ
നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ
പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക
കൈകാലുകളിൽ മരവിപ്പ്
വേദനയില്ലാത്ത വ്രണങ്ങൾ
''പെട്ടെന്ന് ഉയർന്ന സംഖ്യയല്ലിത്. എല്ലാ ജില്ലകളിലും സർവേ വ്യാപകമാക്കിയപ്പോൾ രോഗികളെ തിരിച്ചറിയാൻ കഴിഞ്ഞു. ബോധവത്കരണത്തിലൂടെയും മികച്ച ചികിത്സയിലൂടെയും പൂർണമായി നിയന്ത്രിക്കാൻ കഴിയും"
ഡോ.പത്മലത, സ്റ്റേറ്റ് ലെപ്രസി ഓഫീസർ