benny

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ, യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്നും ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തത് തങ്ങൾ മാത്രമാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള ജില്ലാതല രാഷ്ട്രീയ വിശദീകരണ യോഗം നാളെ തുടങ്ങും. തിരുവനന്തപുരത്താണ് ആദ്യ യോഗം. അടുത്ത ദിവസം കൊല്ലത്തും യോഗം ചേരും. എല്ലാ ജില്ലയിലും യോഗം സംഘടിപ്പിക്കുന്നതിന്റെ രൂപരേഖ ഇന്നലെ യു.ഡി.എഫ് ജില്ലാ ചെയർമാൻമാരുടെയും കൺവീനർമാരുടെയും മീറ്റിംഗിൽ വിശകലനം ചെയ്തു. മറ്റ് ജില്ലകളിലെ തീയതികൾ നേതാക്കളുടെ സൗകര്യാർത്ഥം നിശ്ചയിക്കും.

ശബരിമലയിലെ സംഘർഷത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്‌നാൻ യോഗശേഷം വാർത്താലേഖകരോട് പറഞ്ഞു. ശബരിമലയെ സംഘർഷഭൂമിയാക്കാൻ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന തന്ത്രങ്ങൾ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം മലകയറിയ രണ്ട് യുവതികൾ തലേന്നേ അനുവാദം വാങ്ങിയെന്നാണറിയുന്നത്. അവരെ അവിടെയെത്തിക്കാൻ ഐ.ജിക്ക് നിർദ്ദേശം നൽകിയത് വിദേശത്തുനിന്ന് മുഖ്യമന്ത്രിയാണ്.

സവർണ മേധാവിത്വം അടിച്ചേല്പിക്കാൻ പോകുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പയുന്നത്. ഇത് സാമുദായിക വിഭാഗീയതയുണ്ടാക്കാനുള്ള ശ്രമമാണ്. മറുഭാഗത്ത് ബി.ജെ.പിയും മതപരമായ വർഗീയതയ്ക്ക് ശ്രമിക്കുന്നു. പൊലീസിന്റെ ഹെൽമറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതികളെ കൊണ്ടുപോയതെന്തിനെന്ന് മുഖ്യമന്ത്രിയോട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിക്കണമെന്നും ബെന്നി ബെഹ്‌നാൻ പറഞ്ഞു.