vv

വിതുര: ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ തൊളിക്കോട് പഞ്ചായത്തിലെ വലിയവേങ്കാട് വി.വി.ദായിനി ഗവ യു.പി.എസിന് പറയാനുള്ളത് അവഗണനയുടെ കഥയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ അനവധി പ്രതിഭകളെ വാർത്തെടുത്ത ഇൗ സ്കൂൾ നാശത്തിലേക്ക് കൂപ്പുകുത്തിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. നൂറ് വയസ് പിന്നിട്ട വലിയവേങ്കാട് വി.വി. ദായിനി യു.പി.സ്‌കൂൾ ഇതേരീതിയിൽ തുടർന്നാൽ സ്കൂൾ അടച്ചുപൂട്ടേണ്ടിവരുമെന്നാണ് നാട്ടുകാരുടെ പക്ഷം. വർഷങ്ങൾക്ക് മുന്നെ ഇവിടെ എല്ലാ ക്ലാസുകൾക്കും റണ്ട് ഡിവിഷനുകൾ ഉണ്ടായിരുന്നു. എന്നാൽ സ്കൂളിന് വേണ്ടത്ര പരിഗണന ലഭിക്കാതെ വന്നതോടെ പ്രവർത്തനം താളംതെറ്രി. ക്രമാതീതമായി കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പല ഡിവിഷനുകളും വെട്ടിക്കുറച്ചു. നിലവിൽ 85 കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുന്നതിനായി സർക്കാർ കോടിക്കണക്കിന് രൂപയുടെ അനവധി പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിലാണ് ചരിത്രപശ്ചാത്തലമുള്ള വലിയവേങ്കാട് വി.വി. ദായിനി സ്കൂൾ നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.

ചരിത്രം ഇങ്ങനെ

പാവപ്പെട്ടവരും തൊഴിലാളിസമൂഹവും തിങ്ങിപ്പാർക്കുന്ന വലിയവേങ്കാട് ഗ്രാമത്തിൽ 1902ൽ തിരുവിതാംകൂർ ജഡ്ജിയായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള വിതുര വിവേകദായിനി എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചത്. പരമേശ്വരപിള്ളയുടെ പുരയിടത്തിൽ ഓല മേഞ്ഞ കെട്ടടത്തിലാണ് സ്കൂൾ ആരംഭിക്കുന്നത്. 30 വിദ്യാർത്ഥികളുമായി ആദ്യവർഷം ആരംഭിക്കുമ്പോൾ സംസ്കൃതപണ്ഡിതൻ പരമേശ്വരക്കൈമളായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. വർഷങ്ങൾ പിന്നിട്ടതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. 1922 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. എം.എൻ. ഗോവിന്ദൻനായർ, ഗാന്ധിയൻ ഡോ.ജി. രാമചന്ദ്രൻ തുടങ്ങിയവർ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. 1961 ൽ സർക്കാർ യു.പി.സ്‌കൂളായി ഉയർത്തി.