sanu

തിരുവനന്തപുരം: സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ.എം.കെ.സാനു, കഥകളി കലാകാരൻ കലാമണ്ഡലം ഗോപി, സംസ്‌കൃത പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എൻ.വി.പി. ഉണ്ണിത്തിരി എന്നിവരെ സംസ്കൃത സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കും. 23ന് രാവിലെ 9.30ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം ബിരുദദാനം നിർവഹിക്കും. വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷനാവും. പ്രോ ചാൻസലർ മന്ത്രി കെ.ടി. ജലീൽ പങ്കെടുക്കും.

സാഹിത്യ നിരൂപണ രംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് എം.കെ.സാനുവിന് ഡി. ലി​റ്റ് നൽകുന്നത്. സ്വജീവിതം കഥകളിക്കായി സമർപ്പിച്ച കലാമണ്ഡലം ഗോപിയുടെ അതുല്യവും അനനുകരണീയവുമായ പ്രകടനങ്ങളുടെ മികവ് പരിഗണിച്ചാണ് ഡി-ലിറ്റ് നൽകുന്നത്. സംസ്‌കൃത ഭാഷയ്ക്കുള്ള സമഗ്ര സംഭവനകളെ മാനിച്ചാണ് നൂറിലേറെ ഗ്രന്ഥങ്ങളുടെയും ഗവേഷണപ്രബന്ധങ്ങളുടെയും രചയിതാവായ ഉണ്ണിത്തിരിക്ക് ഡി-ലിറ്റ് നൽകുന്നത്.