ശബരിമല കേസിലെ വിധി ഉളവാക്കിയ പ്രക്ഷുബ്ധതയിലാണല്ലോ കേരളമിപ്പോൾ. ഇതിനിടെ ശബരിമലയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന തീവയ്‌പ് ഒാർമ്മിക്കുന്നത് നന്നായിരിക്കും. പുതുതലമുറ ഇൗ സംഭവത്തെക്കുറിച്ച് അജ്ഞരായിരിക്കും.
1950 ജൂൺ 16ന് അന്നത്തെ ദേവസ്വം കമ്മിഷണറും ദേവസ്വം പ്രസിഡന്റും ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസിന് (അന്ന് ഡി.ജി.പി തസ്തിക ഇല്ല) പരാതി നൽകി. 14.6.1950 ന് രാവിലെ ശബരിമല നടതുറക്കാനെത്തിയ ശാന്തിക്കാരൻ (അന്ന് മേൽശാന്തിയില്ല) ശ്രീകോവിലും മണ്ഡപവും സ്റ്റോർമുറിയും പൂർണമായും കത്തിനശിച്ചതായും അയ്യപ്പവിഗ്രഹം തകർത്തതായും കാണുകയുണ്ടായി. മേയ് 20 ന് പതിവ് മേടമാസ പൂജ കഴിഞ്ഞ് നടയടച്ചശേഷം ക്ഷേത്രംപൂട്ടി ശാന്തിക്കാരൻ മടങ്ങിയതാണ്. ജൂൺ 14ന് നട തുറന്നപ്പോൾ കണ്ടത് സ്റ്റോർ മുറിയും അടുക്കളയും തുറന്ന് പാത്രങ്ങളും വസ്തുക്കളും വാരി പുറത്തിട്ടിരിക്കുന്നതായും മണ്ണെണ്ണ വിളക്ക് ശ്രീകോവിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും ആണ്. ശാന്തിക്കാരൻ ദേവസ്വം കമ്മിഷണറെയും ദേവസ്വം പ്രസിഡന്റിനെയും വിവരമറിയിച്ചു. പരാതിയെ തുടർന്ന് ഐ.ജി കൊല്ലം ജില്ലാ സൂപ്രണ്ടിനോട് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്താൻ ഉത്തരവിട്ടു. പൊലീസ് അന്വേഷണം തുടരവെ അന്നത്തെ തിരു. കൊച്ചി മുഖ്യമന്ത്രി പറവൂർ ടി.കെ. നാരായണപിള്ള, ഡെപ്യൂട്ടി പൊലീസ് ഐ.ജി.കെ. കേശവമേനോനെ ഏകാംഗ അന്വേഷണ കമ്മിഷണറായി നിയമിച്ചു.
വിശദമായ അന്വേഷണത്തിന് ശേഷം കേശവമേനോൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പറവൂർ നാരായണപിള്ളയുടെ മന്ത്രിസഭ രാജിവച്ചതിനെ തുടർന്ന് സി. കേശവൻ മുഖ്യമന്ത്രിയായ സർക്കാരിനായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. കമ്മിഷൻ പ്രധാനമായും രണ്ട് നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്.
1. ശ്രീകോവിലിന്റെ പ്രധാന വാതിലിൽ ആഞ്ഞ് വെട്ടിയതിന്റെ പതിനഞ്ച് വിള്ളലുകൾ കാണപ്പെട്ടിരുന്നു. ഇത് വെളിവാക്കുന്നത് തീപിടിത്തം ആകസ്‌മികമല്ലെന്നും ശ്രീകോവിൽ വെട്ടിപ്പൊളിച്ചതാണെന്നുമാണ്.
2. ശ്രീകോവിലിലെ അയ്യപ്പവിഗ്രഹം തകർക്കപ്പെട്ടിരുന്നു. ഇടത് കൈപ്പത്തിയും വിരലുകളും അറ്റുപോയിരുന്നു. വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ശ്രീകോവിലിൽ ഉപേക്ഷിക്കപ്പെട്ട കോടാലി വാതിൽ തകർക്കാനും വിഗ്രഹം തച്ചുടയ്ക്കാനും ഉപയോഗിച്ചതാണെന്നും കണ്ടെത്തി. വിഗ്രഹത്തിന് സമീപം സ്വർണം, വെള്ളി എന്നിവയിൽ നിർമ്മിച്ച പാത്രങ്ങളും മറ്റും മോഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ മോഷണമായിരുന്നില്ല ഉദ്ദേശ്യമെന്നും കണ്ടെത്തി.
ശ്രീകോവിലിന്റെ കഴുക്കോലുകൾക്കിടയിൽ നെയ്യിൽ പൊതിഞ്ഞ തുണികൾ ചേടിവച്ച് തീ കത്തിച്ചനിലയിൽ കാണപ്പെട്ടതിന് പിന്നിലുള്ളത് ചെമ്പിലും പിത്തളത്തകിടിലും നിർമ്മിച്ച മേൽക്കൂര തന്ത്രപരമായി കത്തിക്കുക എന്ന ഉദ്ദേശമായിരുന്നു.
അനവധി പേരെ ചോദ്യം ചെയ്‌ത കമ്മിഷൻ കണ്ടെത്തിയത് 1125 ഇടവം ഏഴിനും 12 നും ഇടയിൽ (1950 മേയ് 20 നും 25 നും ഇടയിൽ) രാത്രിയിലെപ്പോഴോ ആണ് അക്രമികൾ ക്ഷേത്രത്തിന് തീവച്ചതെന്നായിരുന്നു.
ദൃക്‌സാക്ഷികളില്ലെങ്കിലും പ്രധാനസാക്ഷിയായി കമ്മിഷൻ മുമ്പാകെ മൊഴി നൽകിയത് നീലകണ്ഠൻ എന്ന മലയൻ പണ്ടാരമാണ്. ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് അയാളെ കമ്മിഷൻ കണ്ടുപിടിച്ചത്. ശബരിമല കാട്ടിൽ അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്നയാളാണ് നീലകണ്ഠൻ. അയാളുടെ മൊഴിയനുസരിച്ച് ശബരിമലയുടെ ഏറ്റവും അടുത്തുള്ള ജനവാസസ്ഥലം ഗ്രാമമല്ല എസ്റ്റേറ്റ് ആണ് . അതും 12 മൈൽ ചുറ്റളവിൽ ആൾത്താമസമില്ലാത്ത റിസർവ് കാട്. നീലകണ്ഠൻ പറഞ്ഞത് ഇടവം 11ന് ശബരിമലയിലെ ആദ്യത്തെ മഴപെയ്തു എന്നാണ്. പൊടിയൻ എന്ന ആദിവാസി, 12ന് താൻ ക്ഷേത്രപരിസരത്ത് എത്തിയിരുന്നെന്നും ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെന്നും മൊഴി നൽകി.
ക്ഷേത്രം തീവച്ച് നശിപ്പിക്കാൻ കുറഞ്ഞത് 12 മണിക്കൂറെങ്കിലും വേണ്ടിവന്നിട്ടുണ്ടെന്നും കണ്ടെത്തി. ആദ്യത്തെ മഴയ്ക്ക് മുമ്പ് , പകൽ ക്ഷേത്രപരിസരത്ത് പുകയുയരുന്നത് കണ്ടതായി നീലകണ്ഠൻ മൊഴി നൽകിയിരുന്നു. അന്വേഷണത്തിൽ നാല് സംഘങ്ങളുടെ സഞ്ചാരം കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടു. അവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നായാട്ടു സംഘങ്ങളാണെന്ന് ബോദ്ധ്യപ്പെട്ടു. റിസർവ് ഫോറസ്റ്റിൽ അനുമതിയില്ലാതെ, ലൈസൻസ് ഇല്ലാത്ത തോക്കുകൾ ഉപയോഗിച്ച് കലമാൻ, കാട്ടുപോത്ത്, മലയണ്ണാൻ എന്നിവയെ വേട്ടയാടി ഇറച്ചി വിൽക്കുന്നവരാണ് ഇവരെന്നും വെളിപ്പെട്ടു. ഇവരിൽ ഒരു സംഘം ഒരു എസ്റ്റേറ്റ് ഉടമയുടെ നിർദ്ദേശപ്രകാരം കാട്ടിൽ പ്രവേശിച്ചതായിരുന്നുവെന്നും കമ്മിഷൻ കണ്ടെത്തി.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കമ്മിഷന്റെ കണ്ടെത്തൽ നാല് നായാട്ട് സംഘത്തിൽ ഒരു സംഘമാണ് ക്ഷേത്രത്തിന് തീവച്ചതും വിഗ്രഹത്തിന് കേടുവരുത്തിയതും എന്നാണ്. എന്നാൽ ഇവരെ കോടതിയിൽ വിചാരണചെയ്യാൻ തക്ക തെളിവുകൾ ലഭിക്കാത്തതിനാൽ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നാണ് കമ്മിഷൻ അഭിപ്രായപ്പെട്ടത്. കേശവമേനോൻ കമ്മിഷൻ റിപ്പോർട്ടിലെ വസ്തുതകൾ ഗൗരവകരവും ശ്രദ്ധേയവും ആയിരുന്നെന്ന് പറയാതെ വയ്യ. ശബരിമല ക്ഷേത്രത്തിന്റെ പിൻകാല ചരിത്രത്തിലേക്ക് ഒരെത്തിനോട്ടത്തിന് കമ്മിഷൻ റിപ്പോർട്ടും വസ്തുതാശേഖരണവും വെളിച്ചം പകരും.