നെടുമങ്ങാട്: മഴയിലും തളരാത്ത ആവേശവുമായി ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തിൽ നെടുമങ്ങാട് നിന്ന് പെരിങ്ങമ്മലയിലേക്ക് മാലിന്യപ്ലാന്റ് വിരുദ്ധ പദയാത്ര നടന്നു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന ജാഥയ്ക്ക് ആദിവാസികളും പരിസ്ഥിതി പ്രവർത്തകരുമടക്കം സ്വീകരണം നല്കാനെത്തി. ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും നൂറ്റിപ്പത്ത് ദിവസമായി സമരം ചെയ്യുന്ന ആദിവാസികൾക്ക് ഐക്യദാർഡ്യം അർപ്പിച്ചുമാണ് പദയാത്ര നടത്തിയത്. നെടുമങ്ങാട്, കരിപ്പൂര്, ആനാട്, മൂഴി, കുറുപുഴ, നന്ദിയോട്, പാലോട്, പെരിങ്ങമ്മല എന്നീ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിലെ പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്. സമരത്തിന് പിന്തുണയുമായി ജില്ലാ പഞ്ചായത്ത് യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തി കോൺഗ്രസ് അംഗങ്ങളായ അൻസജിതാ റസ്സൽ, ശോഭനകുമാരി, എം. സുജാത എന്നിവർ പദയാത്രയിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പ്രതിനിധീകരിക്കുന്ന പാലോട് ഡിവിഷനിൽ ആരംഭിക്കുന്ന മാലിന്യപ്ലാന്റിന് ജില്ലാപഞ്ചായത്ത് കമ്മിറ്റി അനുവാദം നൽകിയിട്ടില്ലെന്നും ആദിവാസികൾക്കും ജൈവസമ്പത്തിനും ദോഷകരമായ പദ്ധതി പെരിങ്ങമ്മലയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വാക്കൗട്ട് നടത്തിയ അംഗങ്ങൾ വിശദമാക്കി. നെടുമങ്ങാട് പൊന്നറ ശ്രീധർ പാർക്കിൽ മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി പദയാത്ര ഉദ്‌ഘാടനം ചെയ്തു. കല്ലറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി. രഘുനാഥൻ നായർ, പി.എസ്. ബാജിലാൽ,അഡ്വ.എൻ. ബാജി, തേക്കട അനിൽകുമാർ, നേതാക്കളായ ബി.എൽ. കൃഷ്ണപ്രസാദ്, ജെ.എ. റഷീദ്, ടി. അർജുനൻ, എം.എസ്. ബിനു, കെ.ജെ. ബിനു, കരുപ്പൂര് സതിഷ്കുമാർ, ആനാട് പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, പള്ളിവിള സലിം, കെ. ശേഖരൻ, ലാൽ വെള്ളാഞ്ചിറ, ഫാത്തിമ, ആർ.ജെ. മഞ്ചു, വട്ടപ്പാറ സതീശൻ, മഹേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ആറരയോടെ സമരപ്പന്തലിൽ എത്തിയ ജാഥയെ സമരസമിതി നേതാക്കളായ നിസാർ മുഹമ്മദ് സുൽഫി, ഇടവം ഷാനവാസ്, സി. മഹാസേനൻ, സോഫി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൗരാവലി സ്വീകരിച്ചു.