തിരുവനന്തപുരം: നിയമത്തിനും വിശ്വാസത്തിനുമിടയിൽ ശ്വാസം മുട്ടുകയാണ് ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ട ബാദ്ധ്യത ഒരുവശത്ത്. വിശ്വാസികളുടെ പ്രതിഷേധം മറുവശത്ത്. യുവതികൾ പതിനെട്ടാംപടി കടന്നാൽ ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമായാൽ സംസ്ഥാനത്തുടനീളം ഗുരുതര ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ ഏറെ കരുതലോടെയാണ് പൊലീസ് നടപടികൾ.
ദർശനത്തിനെത്തുന്ന യുവതികളുടെ പൂർവചരിത്രം പരിശോധിക്കാനാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, പൊലീസ് സംരക്ഷണയിൽ സന്നിധാനത്തെത്തി പ്രതിഷേധിക്കാൻ തീവ്രസ്വഭാവമുള്ള സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതോടെ ഡി.ജി.പി നിലപാട് മാറ്റി. ഭക്തരും വിശ്വാസികളുമല്ലാത്ത യുവതികളുടെ വരവിന്റെ ഉദ്ദേശ്യം പരിശോധിച്ച ശേഷം ദർശന സൗകര്യമൊരുക്കിയാൽ മതിയെന്ന് എ.ഡി.ജി.പി അനിൽകാന്തിന് നിർദ്ദേശം നൽകിയിരിക്കയാണ്. 13 യുവതികൾ മലചവിട്ടാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കാത്തിരിക്കാനാണ് ഇവരോട് അറിയിച്ചിട്ടുള്ളത്.
മല ചവിട്ടാനെത്തുന്നവർ സന്നിധാനത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുമോ എന്നും ഇവർക്ക് ഗൂഢോദ്ദേശ്യങ്ങളുണ്ടോയെന്നും അറിഞ്ഞിരിക്കണമെന്ന് ഡി.ജി.പി കർശന നിർദ്ദേശം നൽകി. ആക്ടിവിസ്റ്റുകൾ എന്നുപറഞ്ഞ് ആരെയും ഒഴിവാക്കില്ല, പക്ഷേ ഇവർ എങ്ങനെയാണ് എത്തിയതെന്നും കൂട്ടത്തിൽ പുരുഷന്മാർ ഉണ്ടോയെന്നും പൊലീസ് ഉറപ്പാക്കും. ഇവരുടെ വീടുകളിലും പ്രദേശത്തും അന്വേഷണം നടത്തും. ഇത്തരത്തിൽ പൊലീസ് ക്ലിയറൻസ് ലഭിക്കാതെ യുവതികളെ മല ചവിട്ടിക്കില്ല. ക്രമസമാധാന പ്രശ്‌നങ്ങളൊഴിവാക്കാൻ ഇത് അനിവാര്യമാണെന്ന് പൊലീസ് നേതൃത്വം പറയുന്നു.
പ്രതിഷേധത്തിന് ആളെക്കൂട്ടാനും യുവതികളെ പമ്പയിലെത്തിക്കാനും ആഹ്വാനം ചെയ്യുന്ന വാട്സ്ആപ് സന്ദേശങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവതികളെ തടയുന്നതിന്റെ മറവിൽ സംഘർഷമുണ്ടാക്കാൻ മനഃപൂർവംശ്രമം നടക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ. ഇനിയുള്ള രണ്ടു ദിവസം കൂടുതൽ യുവതികളെത്തുമെന്ന കണക്കുകൂട്ടലിൽ പമ്പയിലെയും നിലയ്ക്കലിലെയും പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു. രണ്ടിടത്തുമായി 900 പൊലീസുകാരെ നിയോഗിച്ചു. 100 വനിതാ പൊലീസുമുണ്ട്. പൊലീസിനെ വെട്ടിച്ച് യുവതികൾ കടക്കുന്നത് തടയാൻ വാഹന പരിശോധനയും കാമറാ നിരീക്ഷണവും ശക്തമാക്കി. സി.സി ടിവി, അനലൈസർ കാമറകളും 200 മീറ്റർ ഉയരത്തിൽ ദൃശ്യങ്ങൾ പകർത്താവുന്ന ഡ്രോണുകളുമുപയോഗിച്ചാണ് പൊലീസിന്റെ നിരീക്ഷണം.ഐ.ജി മനോജ് എബ്രഹാമിനാണ് നിരീക്ഷണച്ചുമതല.
പോംവഴി പരിമിതം
1)പരമ്പരാഗത കാനനപാതയിൽ പൊലീസ് നടപടിയുണ്ടായാൽ കടുത്ത അത്യാഹിതമുണ്ടാവും. അതിനാൽ ബലപ്രയോഗം അസാദ്ധ്യം
2)കോടതി ഉത്തരവ് നടപ്പാക്കാനുള്ള പരമാവധി ശ്രമമെന്നോണം യുവതികളെ നടപ്പന്തൽവരെയെത്തിക്കാം. പ്രതിഷേധം കനത്താൽ മടങ്ങും
3)സുരക്ഷയൊരുക്കാനാവില്ലെന്ന് ബോദ്ധ്യപ്പെടുത്തി യുവതികളെ തിരിച്ചയയ്ക്കാം, പ്രതികൂല കാലാവസ്ഥയും തിരക്കും ബോദ്ധ്യപ്പെടുത്താം
4)സന്നിധാനത്തെ പ്രതിഷേധം നേരിടാൻ നിലവിൽ പദ്ധതികളില്ല. ദിവസങ്ങളായി അവിടെയുള്ള പ്രതിഷേധക്കാരെ മലയിറക്കാൻ കഴിഞ്ഞിട്ടില്ല
''വരുന്നവർക്ക് ദുഷ്‌ടലാക്കുണ്ടോയെന്ന് അറിഞ്ഞേ പറ്റൂ. കുഴപ്പമുണ്ടാക്കുമോയെന്ന് ഉറപ്പാക്കാതെയും പരിശോധിക്കാതെയും കടത്തിവിടാനാവില്ല''
എസ്.ആനന്ദകൃഷ്‌ണൻ
എ.ഡി.ജി.പി, പൊലീസ് ആസ്ഥാനം