papanasam

വർക്കല:വീണ്ടുമൊരു ടൂറിസം സീസൺകൂടി വർക്കലയിലേക്കടുക്കുകയായി. സഞ്ചാരികൾ വരവറിയിച്ചിട്ടും ടൂറിസം വകുപ്പ് മാത്രം നങ്കൂരമിട്ടപോലെ നിൽക്കുകയാണ്.സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല.നടപ്പാലത്തിന്റെ അപകടാവസ്ഥയും,ഹെലിപ്പാഡിലെ സുരക്ഷാവേലിയുമെല്ലാം വാഗ്ദ്ധാനമായിത്തന്നെ തുടരുകയാണ്.ഇക്കുറിയും പരാധീനതകളുടെയും പരിമിതികളുടെയും നടുവിലാണ് സീസൺ ആരംഭിക്കുന്നത്. സഞ്ചാരികൾക്ക് സ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്നതിനു പോലും ഇടമില്ല. നടപ്പാതയുടെയും നവീകരണം എങ്ങുമെത്തിയില്ല. പ്രധാന ബീച്ചിലെ ഇടിഞ്ഞു വീഴാറായ നടപ്പാലം സുരക്ഷിതമാക്കുവാനും നടപടികളില്ല. പാപനാശം തീരത്തു നിന്നും ക്ലിഫിലേക്ക് പോകുന്ന സഞ്ചാരികൾ ഈ തടിപ്പാലത്തിലെ പലകകളിൽ തട്ടി അപകടത്തിൽ പെടാനുളള സാദ്ധ്യതയും ഏറെയാണ്. പാപനാശത്ത് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രണ്ട് ചെറിയ ടോയ്ലറ്റുകൾ ഉണ്ടെങ്കിലും ഇത് പലപ്പോഴും അടഞ്ഞ് കിടക്കുകതന്നെ ചെയ്യും. അഥവാ ഇത് തുറന്നാൽ മൂക്കുപൊത്തിയോടേണ്ട അവസ്ഥയാണ്.വർക്കലയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസായ പാപനാശത്ത് അടിസ്ഥാന സൗകര്യം ഒരുക്കാൻപോലും ടൂറിസം ഡിപ്പാർട്ട് മെന്റിനും വർക്കല നഗരസഭയ്ക്കും കഴിഞ്ഞിട്ടില്ല. വർക്കലയിലെ ടൂറിസം വികസനത്തിനെ സബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾക്ക് യാതൊരു കുറവുമില്ല.കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സഞ്ചാരികൾ ഇക്കുറി എത്തുമെന്നാണ് പ്രതീക്ഷ.

പൊലീസിനും ഗതി ഇതു തന്നെ

ടൂറിസം പൊലീസിന്റെ എണ്ണം വർദ്ധിപ്പിക്കുമെന്ന അധികൃതരുടെ വാഗ്ദാനം ഫലം കണ്ടിട്ടില്ല. പന്ത്റണ്ടോളം പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവിടെ കേവലം 4 പേരാണുള്ളത്.കാവലിരിക്കുന്ന പൊലീസുകാർക്ക് അടിസ്ഥാന സൗകര്യങ്ങളുമില്ല.ബലിമണ്ഡപത്തിനുളളിലെ ഒരു മുറിയാണ് ഇവർക്ക് വിശ്രമിക്കാനായി നൽകിയിട്ടുളളത്. പൊലീസിന് പ്രത്യേക മുറി തയ്യാറാക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഉറപ്പുകൾ കടലാസുകളിൽ മാത്രം ഒതുങ്ങി.

എയ്ഡ് പോസ്റ്റ് ഒരു കാഴ്ചവസ്തു

പൊലീസിന്റെ എയ്ഡ് പോസ്റ്റ് പ്രധാന ബീച്ചിൽ കാഴ്ചവസ്തുവായി മാറി.സഞ്ചാരികളുടെ സുരക്ഷയ്ക്കായുളള ലൈഫ് ഗാർഡുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. പത്തോളം പേർ പാപനാശത്തെ സുരക്ഷ കൈകാര്യം ചെയ്യേണ്ടി വരുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ പണിയെടുക്കുന്ന ഇവർക്ക് ജോലി സ്ഥിരത ഉറപ്പാക്കാനും അധികൃതർക്കായില്ല.

വെറും വാദ്ധാനം മാത്രം

വർഷങ്ങൾക്ക് മുമ്പ് ഭീമമായ തുക ചെലവഴിച്ച് നിർമ്മിച്ച കോൺക്രീറ്റ് നടപ്പാത തകർന്നതിനെ തുടർന്നാണ് നഗരസഭ തട്ടിക്കൂട്ടി തടിപ്പാലം നിർമ്മിച്ചത്. തകർച്ച നേരിടുന്ന നടപ്പാലം സഞ്ചാരികൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ക്രമീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. ഹെലിപ്പാട് പ്രദേശത്തെ കുന്നിൻ മുകളിൽ സംരക്ഷണവേലി നിർമ്മാണവും പെരുവഴിയിലാണ്. ഹെലിപ്പാട് മേഖലയിൽ ഫയർ ഹൈട്രെന്റ് സംവിധാനം ഒരുക്കുന്നതിൽ അധികൃതർ പുറം തിരിഞ്ഞു നിൽുകയാണ്. 2002ലും 2013ലും ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഫയർഫോഴ്സിന് കടന്നുപോകാനാകാത്ത വിധം താല്ക്കാലിക ഷെഡുകൾ കെട്ടി കച്ചവടം നടത്തുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. ഫയർ ഹൈഡ്രെന്റ് വേണമെന്ന ആവശ്യത്തിനും നടപടിയില്ല.