c

കാട്ടാക്കട : ഒഡിഷയിൽ നിന്നു ആഡംബര കാറിൽ കടത്തിയ ഏഴു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കല്ലറ ,തണ്ണിയം സുറുമിലാ മൻസിലിൽ പള്ളിക്കൽ, മൂതല താമസിക്കുന്ന ജാഫർ (34 ), കല്ലറ , കിഴക്കിൻകര പുത്തൻവീട്ടിൽ വിഷ്ണു രാജ് (22) , കൊല്ലം പള്ളിമുക്ക് ഉലവന്റഴികം മാളിക വീട്ടിൽ അമീർ ( 23) എന്നിവരാണ് പിടിയിലായത്. പൂവച്ചൽ ഹൈസ്കൂളിന് സമീപത്തുനിന്നാണ് ഇവരെ തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇതിൽ ജാഫറും വിഷ്ണുരാജും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മാല പിടിച്ചുപറി, മോഷണ കേസുകൾ തുടങ്ങിയവയിൽ പ്രതിയാണ് അമീർ. ഇയാളുടെ പേരിൽ കൊല്ലം, കൊട്ടിയം, ഇരവിപുരം, കുണ്ടറ പൊലീസ് സ്‌റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.
ആഡംബര കാറുകൾ വാടകയ്ക്കെടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി എസ്. സുജിത് ദാസ്, കാട്ടാക്കട ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.