obit

തിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്ന രോഗിയെ പടിക്കെട്ടിനു താഴെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം തുണ്ടുവിള ഷിജുഭവനിൽ സുബ്രഹ്മണ്യൻ ചെട്ടിയാരാണ് (66) മരിച്ചത്. 15 ദിവസമായി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ നാലാം വാർഡിലെ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. ബ്ലോക്കിനുള്ളിലെ പടിക്കെട്ടിനു താഴെ കമിഴ്ന്നു കിടക്കുന്ന നിലയിൽ നഴ്സുമാർ കണ്ടെത്തുകയായിരുന്നു. രാത്രി കൂട്ടിരുന്ന മകൻ ഷിബു ആറ് മണിയോടെ പുറത്ത് ചായ വാങ്ങാനായി പോയി. മടങ്ങിയത്തിയപ്പോൾ അച്ഛനെ സ്ട്രക്ചറിൽ കൊണ്ടുപോകുന്നതാണ് കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരിച്ചു. വാർഡിൽ നിന്നും പുറത്തിറങ്ങി നടക്കവേ തലകറങ്ങി വീണ് അപകടം സംഭവിച്ചാതാകാമെന്നു മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു. സംസ്കാരം ഇന്നലെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടന്നു. ഭാര്യ : നിർമ്മല, മക്കൾ : ഷീജ, ഷിജു, ഷിബു, വിഷ്ണു, വിജി. മരുമക്കൾ: വിജി, സിന്ധു.