തിരുവനന്തപുരം : മാർച്ചിനിടെ പൊലീസുകാരെ ആക്രമിച്ചയാൾ പിടിയിൽ. ചിറയിൻകീഴ് കാനയറ ചാലുവിള വീട്ടിൽ വിനോദാണ് (36) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനിടെ കല്ലും കമ്പുകളും കൊണ്ട് പൊലീസിനെ അക്രമിക്കുകയും ജലപീരങ്കി തകർക്കുകയും ചെയ്ത കേസിലാണ് ഇയാളെ കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ്.ഐ ഷാഫി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ദിനേശ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അമിത്കുമാർ. സജീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.