മുടപുരം: മാറാല തോരണം തൂക്കിയ ചുവരലമാരികളിൽ അടുക്കി വച്ചിരിക്കുന്ന പുസ്‌തക്കൂട്ടമാണ് വായനശാലയെന്ന് സങ്കൽപ്പത്തെ ഉടച്ചുവാർക്കുകയാണ് മുടപുരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രേംനസീർ സ്മാരക ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂം. യുവാക്കളാണ് ഇവിടുത്തെ നിത്യ സന്ദർശകർ. വായനാശീലം വളർത്തുന്നതിനപ്പുറം നാടിന് നന്മയേകുന്ന നിരവധി പ്രവർത്തനങ്ങളാണ് ഈ വായനശാല മുഖാന്തിരം നടക്കുന്നത്.
നാട്ടിലെ തൊഴിൽ തേടുന്ന യുവജനങ്ങൾക്കും സാഹിത്യ പ്രേമികൾക്കും വായനക്കാർക്കും പ്രിയപ്പെട്ട ഇടമാണിത്. പ്രേംനസീറിന്റെ പേരിൽ പ്രവർത്തിക്കുന്ന ഈ വായനശാല , നാടിന്റെ എക്കാലത്തെയും അഭിമാനമായ പ്രേംനസീർ നൽകിയ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വരുത്തുന്ന പത്രങ്ങളും മാസികകളും വായിക്കാനായി നൂറു കണക്കിനാളുകൾ ദിനവും വായനശാലയിലെത്തുന്നു.
വർഷങ്ങൾക്ക് മുൻപ് ഇവിടെ നാടക അവതരണവും സെമിനാർ, ചർച്ചകൾ, സിനിമാ പ്രദർശം,ക്വിസ് മത്സരം, കൂട്ടായ പഠനം എന്നിവ പതിവായിരുന്നു. അതിന്റെ ഭാഗമായ് നിരവധി യുവാക്കൾ സർക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. പിന്നീട് ഇത് നിലച്ചുപോയി.
എന്നാൽ ഇടവേളയ്‌ക്ക് ശേഷം നിലവിലുള്ള ഗ്രന്ഥശാല വീണ്ടും സജീവമാക്കുവാൻ ഭാരവാഹികൾ തീരുമാനിച്ചിരിക്കുകയാണ് . ഉണർവ് എന്ന പേരിൽ എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ പ്രാദേശിക എഴുത്തുകാർക്ക് കവിത, കഥ എന്നിവ അവതരിപ്പിക്കാൻ സാഹിത്യ വേദി ഒരുക്കുന്നു. തിരഞ്ഞെടുത്ത സാഹിത്യ കൃതികളെ കുറിച്ചും , സമകാലിക വിഷയങ്ങളെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യും. പുതു തലമുറ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത് വായനശാല പ്രസിഡന്റ് തുളസീധരൻ, സെക്രട്ടറി ബങ്കിൻ ചന്ദ്രൻ, ചന്ദ്രബാബു, പി. വിപിനചന്ദ്രൻ, കിഴുവിലം രാധാകൃഷ്ണൻ എന്നിവരാണ്. എല്ലാ പ്രവൃത്തി ദിനത്തിലും വൈകിട്ട് 7 മുതൽ 8വരെ പി.എസ്.സി പരീശീലന ക്ലാസും കൂട്ടായ പഠനവും നടക്കുന്നുണ്ട്. സുമേഷ്, വിഷ്‌ണു സുഗതൻ, എൻ.എസ്. അനിൽ, ശാന്തകുമാർ, ദിനേശ്, രാജേഷ്, അശോകൻ എന്നിവരാണ് ക്ലാസ് നയിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, മലയാളം എന്നീ വിഷയങ്ങൾ പ്രത്യേക അദ്ധ്യാപകർ കൈകാര്യം ചെയ്യുന്നു. എല്ലാ ഞായറാഴ്‌ചയും വൈകിട്ട് നാലര മുതൽ വിദ്യാർത്ഥികൾക്കായ് ക്വിസ് മത്സരം നടത്തുന്നു. വ്യത്യസ്‌ത പരിപാടികളിലൂടെ ഗ്രാമത്തിനാകെ മാതൃകയായി മാറുകയാണ് ഈ വായനശാല.