മുടപുരം: പലയിടത്തും ടാറും മെറ്റലുമിളകി ഗട്ടറുകൾ രൂപംകൊണ്ട് കിടക്കുന്ന ശാസ്തവട്ടം - കൈലത്തുകോണം റോഡ് റീ- ടാർ ചെയ്ത് പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ശാസ്തവട്ടം ജംഗ്‌ഷനിൽ നിന്ന് മുസ്ലിം തക്കാവ്, എസ്.എൻ.ഡി.പി യോഗം കൈലത്തുകോണം ശാഖാ ഓഫീസ് മന്ദിരം, ശ്രീ ശ്രീ രവിശങ്കർ വിദ്യ മന്ദിർ സ്കൂൾ എന്നിവയുടെ മുന്നിലൂടെ കൈലത്തുകോണത്തു ചെന്ന്, അവിടെ നിന്ന് നാഷണൽ ഹൈവേയിലെ ചെമ്പകമംഗലം ജംഗ്‌ഷനിലും ചിറയിൻകീഴ് -കോരാണി റോഡിലെ കുറക്കടയിലും എത്തിചേരുന്ന റോഡാണിത്.
മാടൻനട ക്ഷേത്രം, എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കും ഈ റോഡു വഴി പോകാം. അതിനാൽ ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ശാസ്തവട്ടത്തുകാർക്ക് ആറ്റിങ്ങൽ പോകുന്നതിനും ഇത് എളുപ്പവഴിയാണ്. എന്നിട്ടും ഈ റോഡ് നന്നാക്കാത്തത് അവഗണനയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പല സ്ഥലങ്ങളിലും ഗട്ടറുകൾ ഉണ്ടെങ്കിലും ശാസ്തവട്ടം ജംഗ്‌ഷന് സമീപമാണ് വലിയ ഗട്ടർ ഉണ്ടായിരിക്കുന്നത്. റോഡിലെ ടാറും മെറ്റലും മൊത്തം ഇളകി റോഡ് ആകെ തകർന്നിരിക്കുകയാണ്. മഴ പെയ്താൽ ഇവിടം വലിയ കുളമായി മാറും. അതോടെ വാഹന കാൽനട യാത്ര ദുഷ്കരമാകും. ഇരുചക്ര വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടക്കെണിയും. അതിനാൽ റോഡ് റീ-ടാർ ചെയ്യേണ്ടത് യാത്രക്കാർക്ക് അടിയന്തരാവശ്യമാണ്.
റോഡിന്റെ പല ഭാഗങ്ങളിലും ഗട്ടറുകൾ രൂപപ്പെട്ടു
ഇരുചക്ര വാഹനയാത്രികൾ അപകട ഭീതിയിൽ
മഴ പെയ്താൽ റോഡ് കുളമാകും
മംഗലാപുരം ഗ്രാമപഞ്ചായത്തിൽ പ്പെടുന്ന ശാസ്തവട്ടം - കൈലത്തുകോണം റോഡ് റീ - ടാർ ചെയ്യാൻ ജനപ്രതിനിധികൾ മുൻകൈ എടുത്ത് നടപടി സ്വീകരിക്കണം.
എൻ. ആനന്ദൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ശാസ്തവട്ടം ശാഖ