നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കോട്ടക്കുഴി കുടിവെള്ള പദ്ധതിയുടെ നിർമാണം പൂർത്തിയായി. 1998ലാണ് കണ്ണറവിള വാർഡിൽ കോട്ടക്കുഴി കുടിവെള്ള പദ്ധതി തുടങ്ങിയത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടക്കുഴിയിൽ കിണർ നിർമിച്ച് വെള്ളം പമ്പ് ചെയ്ത് വീടുകളിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, നിർമ്മാണം തുടങ്ങി പാതിവഴിയിലായപ്പോൾ നിർമാണം നിലച്ചു. നെല്ലി റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിയെത്തുടർന്ന് കുടിവെള്ള പദ്ധതി കെ. ആൻസലൻ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കുകയായിരുന്നു. 4.95 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി ഇപ്പോൾ പൂർത്തിയാക്കിയത്. നേരത്തെ മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇപ്പോൾ പദ്ധതി പൂർത്തിയാപ്പോൾ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം കൊടുക്കാൻ കഴിയും. പദ്ധതിയുടെ ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ. നിർവഹിച്ചു. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അശോക് കുമാർ സ്വാഗതവും വിജയരാജൻ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ നെല്ലിമൂട് പ്രഭാകരൻ, പഞ്ചായത്തംഗങ്ങളായ ഉഷാകുമാരി, ശ്രീകുമാരൻ ആശാരി, സുനിതാറാണി, നെല്ലിമൂട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജി. ബാബു, ശിവപ്രകാശ്, ജയകുമാർ, ശകുന്തള തുടങ്ങിയവർ സംസാരിച്ചു.