വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഗൈനക്കോജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. ലേബർ റൂം ഉൾപ്പടെ ഗൈനക്കോളജി വിഭാഗത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഇവിടെയുണ്ട്. കൂടാതെ നൽപ്പതിലധികം പേരെ കിടത്തി ചികിത്സിക്കാൻ വേണ്ട സൗകര്യങ്ങളും ആശുപത്രിയിലുണ്ട്.
ഒന്നര വർഷമായി ഗൈനക്കോളജി വിഭാഗം പ്രവർത്തിക്കുന്നില്ല. പ്രസവ വാർഡ് ജനറൽ വാർഡ് ആക്കിയിരിക്കുകയാണ്. ഒന്നര വർഷം മുമ്പ് വരെ ഇവിടെ ഗൈനക്കോളജി വിഭാഗം പ്രവർത്തിച്ചിരുന്നു. മാസത്തിൽ പതിനഞ്ചിന് മുകളിൽ പ്രസവ കേസുകൾ കെെകാര്യം ചെയ്തിരുന്ന ആശുപത്രിയാണ് ഇന്ന് ഗൈനക്കോളജിസ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്നത്. സ്ത്രീകളും ഗർഭിണികളുമടക്കം കുറഞ്ഞത് നാനൂറ് പേരെങ്കിലും ദിവസവും ഇവിടെ ചികിത്സ തേടി എത്താറുമുണ്ട്. പ്രസവ സംബന്ധമായ ചികിത്സാ സൗകര്യമുള്ള ഗവൺമെന്റ് ആശുപത്രികളൊന്നും മേഖലയിൽ ഇല്ല. ആകെയുള്ളത് നെടുമങ്ങാട് താലൂക്ക് ആശുപത്രിയാണ്. അല്ലെങ്കിൽ തിരുവനന്തപുരത്തുള്ള ജനറൽ ആശുപത്രിയിലോ, എസ്.എ.ടി ആശുപത്രിയിലോ എത്തണം.
ഇവയെല്ലാം വളരെ അകലെയായതിനാൽ അടിയന്തര ചികിത്സ വേണ്ടി വരുന്നവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആശുപത്രി വികസനത്തിന്റെ പേരിൽ ഫണ്ടുകൾ അനുവദിപ്പിക്കുന്ന കാര്യത്തിൽ ജനപ്രതിനിധികൾ കാട്ടുന്ന താത്പര്യം ഡോക്ടർമാരെ നിയമിക്കുന്ന കാര്യത്തിൽ ഇവിടെ ഉണ്ടാകുന്നില്ലെന്നാണ്
നാട്ടുകാരുടെ ആക്ഷേപം. നാല് പഞ്ചായത്തുകളിലെ രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. നാല്പത് രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. എന്നാൽ 60ലധികം രോഗികൾ ഐ.പിയായി ഇവിടെ ഉണ്ട്. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കുന്നതിനൊപ്പം സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ നിന്ന് ഫണ്ടുകൾ ലഭ്യമാക്കി ഗൈനക്കോളജി വിഭാഗത്തിന് വേണ്ട കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയും വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.