തിരുവനന്തപുരം:കേന്ദ്രസർക്കാർ കനിയാത്തതിനാൽ പ്രളയദുരിതാശ്വാസ - പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കേരളം ഇനിയും കാത്തിരിക്കണം. പ്രളയം കഴിഞ്ഞിട്ട് രണ്ടുമാസമായി.നഷ്ടത്തിന്റെ കണക്കും പുനർനിർമ്മാണ പാക്കേജിന്റെ വിശദറിപ്പോർട്ടും സംസ്ഥാനം തയ്യാറാക്കി.ഇനി നടപടിയെടുക്കേണ്ടത് കേന്ദ്രമാണ്.
പുനർനിർമ്മാണ ധനസമാഹരണത്തിന് പ്രതിസന്ധിയാകുന്നത് കടമെടുപ്പ് പരിധിയാണ്. ജി.ഡി.പിയുടെ മൂന്ന് ശതമാനമാണ് ഒാരോ സംസ്ഥാനത്തിന്റെയും വായ്പാപരിധി. ഇതനുസരിച്ച് 20,600കോടിയാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി. ഇതിൽ 10,000 കോടിയെങ്കിലും കൂട്ടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ജി.ഡി.പിയുടെ 3ശതമാനം എന്നത് 4.5 ശതമാനമാക്കിയാൽ വായ്പാപരിധിയിൽ 10,500കോടിവർദ്ധിക്കും. ഇതിന് കേന്ദ്രനയം മാറ്റണം. പ്രളയം കണക്കിലെടുത്ത് പ്രത്യേകം ഇളവ് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത് ലഭിച്ചില്ലെങ്കിൽ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാവില്ല.
അന്താരാഷ്ട്ര ഏജൻസിയായ കെ.പി.എം.ജിയും ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും സർക്കാരിന് നൽകിയ റിപ്പോർട്ടിൽ 25,050കോടിയാണ് പുനർ നിർമ്മാണത്തിന് വേണ്ടത്. ഇതിൽ വീടുകളുടെ പുനർനിർമ്മാണവും കടകളും കൃഷിവിളകളും ജീവനോപാധികളും നഷ്ടപ്പെട്ടതും ഒഴിവാക്കി സംസ്ഥാന സർക്കാർ അംഗീകരിച്ച അന്തിമ റിപ്പോർട്ടിൽ 15,900 കോടി രൂപയുടെ പുനർനിർമ്മാണ പദ്ധതിയാണ് തയ്യാറാക്കിയത്. ഇതനുസരിച്ചുള്ള ധനസമാഹരണത്തിന് അനുമതി തേടിയാണ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. ഇതുവരെ തീരുമാനമായില്ല.
വിദേശരാജ്യങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കാനും മന്ത്രിമാർ അവിടെ പോയി ഫണ്ട് കണ്ടെത്താനും അനുമതിയില്ല.കേന്ദ്രസർക്കാർ 600 കോടിയും, ഇതര സംസ്ഥാനങ്ങൾ 200 കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 1400 കോടിയുമാണ് ഇതുവരെ ലഭിച്ചത്. വ്യക്തമായ പുനരധിവാസ പദ്ധതികളുമായി വന്നാൽ പരിഗണിക്കുമെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.
പുനർനിർമ്മാണ ചെലവ്
1.മരാമത്ത് റോഡ് -7647.60 കോടി
2.പഞ്ചായത്ത് റോഡ് -3507.00 കോടി
3.ജലവിതരണം -1450.00കോടി
4.കാർഷിക അടിസ്ഥാന സൗകര്യം.-1484.00കോടി
5.തീരദേശ സംരക്ഷണം -1000.00കോടി
6.സർക്കാർ കെട്ടിടങ്ങളുടെ പുനർനിർമ്മാണം -191.00കോടി
7.ആരോഗ്യം. -150.00കോടി
8.പ്രകൃതിസംരക്ഷണം -452.00കോടി
ആകെ -15,881.60കോടി
കേന്ദ്രാനുമതിക്ക് നൽകിയ വായ്പാനിർദ്ദേശം
1.ലോകബാങ്ക് -7200കോടി
2.ആർ.ഐ.ഡി.എഫ്.- 400കോടി
3.നബാർഡ് -2500കോടി
4.ഹഡ്കോ -1300കോടി
5.ജി.എസ്.ടി.സെസ് - 1000 കോടി
6.പഞ്ചായത്ത് വികസന ഫണ്ട് -1500കോടി
7.സംസ്ഥാന പ്ളാൻഫണ്ട് കുറവ് ചെയ്ത് -2000കോടി
ആകെ 15,900കോടി
പ്രളയദുരിതം
മരണം 493
പ്രളയകെടുതിയിൽ പെട്ടത് 14ലക്ഷം ജനങ്ങൾ
കൃഷി നഷ്ടം 54,000ഹെക്ടർ
പാലങ്ങൾ തകർന്നത് 221
പഞ്ചായത്ത് റോഡ് തകർന്നത് 82,000കിലോമീറ്റർ
പൊതുമരാമത്ത് റോഡ് തകർന്നത് 14,000കിലോമീറ്റർ