kite

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് സ്‌കൂൾ പദ്ധതി വിലയിരുത്തുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ &ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ് ) നടത്തുന്ന പ്രത്യേക ഓഡിറ്റ് ഇന്ന് മുതൽ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്ന 4752 സ്‌കൂളുകളിലെയും സ്ഥാപന മേധാവി, അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവരിൽനിന്ന് പ്രത്യേക ചോദ്യാവലി ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഓഡിറ്റ് നടത്തുന്നത്. പൊതുവിവരശേഖരണത്തിനായുള്ള ഒന്നാംഘട്ടം ഇന്ന് മുതൽ 30വരെയും ഗുണപരമായ പരിശോധനയ്ക്ക് മുൻതൂക്കം നല്കിയുള്ള രണ്ടാംഘട്ടം 2019ജനുവരിയിലും പൂർത്തിയാക്കും. ഇതിനായി മാസ്റ്റർ ട്രെയിനർമാർ മുഴുവൻ സ്‌കൂളുകളും സന്ദർശിക്കും.സംസ്ഥാനത്തെ എൺപതിനായിരം അദ്ധ്യാപകരിൽ നിന്നും 40083 ക്ലാസുകളിലെ രണ്ടുലക്ഷത്തിലധികം കുട്ടികളിൽനിന്നുമാണ് പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം കൈറ്റ് നേരിട്ട് ശേഖരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് ലഭ്യമാക്കിയ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം, ക്ലാസ് റൂം വിനിമയത്തിനായി തയാറാക്കിയ 'സമഗ്ര' പോർട്ടലിന്റെ ഉപയോഗവും പ്രയോഗവും,സ്‌കൂളുകളിലെ ബ്രോഡ്ബാൻഡ് ഉപയോഗം, ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻപ്രവർത്തനം, പരാതിപരിഹാരസംവിധാനം, സമ്പൂർണസ്പാർക്ക് അപ്ഡേഷൻ തുടങ്ങിയ വിശദാംശങ്ങളാണ് ശേഖരിക്കുന്നതെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർസാദത്ത് അറിയിച്ചു.