vithura

വിതുര: മഴപെയ്താൽ സംസ്ഥാനപാതയായ വിതുര പൊൻമുടി റോഡ് വെള്ളത്തിൽ മുങ്ങും. റോഡിലെ വെള്ളക്കെട്ട് അപകടങ്ങളും യാത്രാതടസവും ഉണ്ടാക്കിയട്ടും റോഡ് നിർമ്മിക്കാനുള്ള നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നെടുമങ്ങാട് മുതൽ കല്ലാർ വരെയുള്ള പത്തോളം പ്രധാന ജംഗ്ഷനുകളാണ് മഴക്കാലത്ത് മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങുന്നത്. മഴപെയ്ത് വെള്ളംപൊങ്ങിയാൽ സമീപത്തെ കടകളിലും മറ്റും വെള്ളംകയറി നാശനഷ്ടങ്ങൾ സംഭവിക്കുന്നതും പതിവാണ്. വിതുര മുതൽ നെടുമങ്ങാട് വരെയുള്ള റോഡിൽ മിക്ക ഭാഗത്തും ഓടകൾ ഇല്ലാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഇവിടെയുള്ള ഓടകളിൽ മിക്കഭാഗവും നികത്തിയ നിലയിലാണ്. നിലവിലെ ഓടകളിലെ വെള്ളം കൃത്യമായ രീതിൽ ഒഴുകിപ്പോകാനുള്ള സംവിധാനവും ഇല്ല. റോഡിന്റെ ഇരുഭാഗവും കാടുമൂടിക്കിടക്കുന്നതിനാൽ അതുവഴിയും വെള്ളം ഒഴുകിവിടാനും കഴിയാത്ത അവസ്ഥയിലാണ്. പ്രാധാന റോഡിൽ പുറംപോക്ക് കൈയ്യേറ്റവും വ്യാപകമാണ്. പത്ത് വർഷം മുൻപ് റോഡ് ടാറിംഗ് നടത്തിയപ്പോൾ വീതി കൂട്ടിയെങ്കിലും ഇപ്പോൾ പഴയപടിയായി. സംസ്ഥാനപാതയിൽ പോലും അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

അപകടങ്ങളും നിത്യസംഭവം

കല്ലാർ വിതുര നെടുമങ്ങാട് റോഡിൽ അപകടങ്ങളും പതിവായി മാറിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. ആറ് മാസത്തിനിടയിൽ അമ്പതോളം അപകടങ്ങളാണ് കല്ലാർ വിതുര റൂട്ടിൽ നടന്നത്. രണ്ട് പേർ മരണപ്പെടുകയും ചെയ്തു. അമിതവേഗവും അശ്രദ്ധയുമാണ് അപകടഹേതു. ഇരുചക്രവാഹനങ്ങളിലും മറ്റും യുവസംഘങ്ങൾ ചീറിപ്പായുകയാണ് പതിവ്. അമിതവേഗത്തിൽ ബൈക്കിലെത്തുന്നവർ അനവധി പേരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞിട്ടുണ്ട്. കഞ്ചാവ് വില്പന സംഘങ്ങളും ഇൗ റൂട്ടിൽ അമിതവേഗത്തിൽ പായുന്നതായും ആക്ഷേപമുണ്ട്.

വെള്ളക്കെട്ടിന് പരിഹാരം കാണണം

വിതുര കല്ലാർ റോഡിൽ മഴക്കാലത്ത് രൂപാന്തരപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ്കമ്മിറ്റി ആവശ്യപ്പെട്ടു. മഴയത്ത് കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുക പതിവായി മാറിയിട്ടുണ്ട്.സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.