sheeba

ശിവഗിരി: ജീവിതത്തിന്റെ ക്ഷണഭംഗുരത കവിതയിലൂടെ അനാവരണം ചെയ്ത ഗുരുഭക്തയായിരുന്നു മുതുകുളം പാർവ്വതിഅമ്മയെന്ന് എസ്. എൻ. ഡി. പി യോഗം കൗൺസിലർ ഷീബടീച്ചർ (പരവൂർ) പറഞ്ഞു.ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ മുതുകുളം പാർവ്വതിഅമ്മ, പിച്ചമ്മാൾ ദിന പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇരുപതാമത്തെ വയസ്സിൽ ശ്രീനാരായണഗുരുദേവന്റെ 68-ാം പിറന്നാളിന് മംഗളപത്രം എഴുതി വായിച്ച പാർവ്വതി അമ്മയെ ഗുരുദേവൻ അനുഗ്രഹിക്കുകയും സമ്മാനമായി ഒരു പട്ടു നൽകുകയും ചെയ്തു. ഗുരുദർശനത്തിന്റെ കെടാവിളക്കേന്തി യോഗിനിയെപോലെ സാമൂഹ്യ പ്രവർത്തനത്തിനിറങ്ങി.

ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രഥമഗണനീയയാണ് പിച്ചമ്മാളെന്ന് ശ്രീനാരായണ ധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത് പറഞ്ഞു. അരുവിപ്പുറത്ത് തപസ്സനുഷ്ഠിക്കുന്ന കാലഘട്ടത്തിലാണ് അവർ ഗുരുസന്നിധിയിൽ എത്തുന്നത്. മഹാഗുരുവിനെക്കുറിച്ചുളള അത്ഭുത കഥകൾ ലോകമറിഞ്ഞത് പിച്ചമ്മാളിലൂടെയായിരുന്നു. ഗുരുവിന്റെ സമാധിയിരുത്തൽ ചടങ്ങു നടക്കുന്ന വേളയിൽ സ്വന്തം ആഭരണങ്ങൾ അവർ കല്ലറയിൽ സമർപ്പിക്കുകയും ചെയ്തു.

ഗുരുദേവന്റെ ഭക്തശിരോമണികളായ രണ്ട് ഗൃഹസ്ഥ ശിഷ്യകളായിരുന്നു ഈ രണ്ടു വനിതകളെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പാർവതി അമ്മ കിളിപ്പാട്ടു രൂപത്തിലെഴുതിയ കവിതകേട്ട് ഗുരുദേവൻ അവരെ അകമഴിഞ്ഞ് ആശിർവദിച്ചു. മഹാകവി കുമാരനാശാന്റെ അപൂർണ്ണമായ ശ്രീബുദ്ധചരിതം പൂർത്തിയാക്കിയത് പാർവ്വതിഅമ്മയാണ്. ഗുരുദേവന്റെ ആദ്യ ഗൃഹസ്ഥശിഷ്യയാണ് പിച്ചമ്മാൾ. മരുത്വാമലയിലും അരുവിപ്പുറത്തും തപസ്സിരുന്ന കാലം മുതൽ മഹാസമാധി വരെയും തൃപ്പാദങ്ങളെ ഭഗവത് സ്വരൂപമായി ദർശിച്ച് ധന്യത നേടിയ പുണ്യചരിതയാണവർ. തമിഴ്നാട്ടിൽ ജനിച്ച കുമാരപിളള ഓവർസിയറും പിച്ചമ്മാളും മരുത്വാമലയിൽ കാട് വെട്ടിത്തെളിച്ചാണ് തൃപ്പാദ സന്നിധിയിൽ എത്തി ഗൃഹസ്ഥ ശിഷ്യരായത്. ഇവരുടെ മകളായ നാരായണിഅമ്മ തിരുവിതാംകൂറിലെ ആദ്യ വനിതാ എം.എൽ.സിയായിരുന്നു. കുടുംബാംഗവും ദന്തഡോക്ടറുമായ ജി.ഒ.പാൽ സൂക്ഷിച്ച ഗുരുവിന്റെ ദിവ്യ ദന്തങ്ങളാണ് മുംബൈ ശ്രീനാരായണ മന്ദിര സമിതിയിലെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതിആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രകാശം, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി, പത്മകുമാർ, സുനിൽവളളിയിൽ, അഡ്വ. സുനിൽ മുണ്ടപ്പളളി, ഡി.പ്രേംരാജ്, രാജേഷ് നെടുമങ്ങാട്, അനീഷ് ദേവൻ, അജി.എസ്.ആർ.എം, സന്തോഷ് മാധവൻ അടിമാലി, സജിഎസ്.ആർ.എം എന്നിവർ സംബന്ധിച്ചു.

പച്ചടിശ്രീധരൻ സ്മാരക നെടുങ്ങണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കാൻ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, അടിമാലി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ പ്രവർത്തകരും ഭക്തജനങ്ങളും ശിവഗിരിയിലെത്തി ചടങ്ങുകളിൽ പങ്കുകൊണ്ടു.