തിരുവനന്തപുരം:കേരളത്തിലെ റോഡുകളിൽ കാലൻ മരണക്കുരുക്കുമായി പതിയിരിക്കുന്ന 275 പ്രദേശങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്ന ഈ മേഖലകൾ 'ബ്ലാക്ക് സ്പോട്ട് ' എന്നാണ് അറിയപ്പെടുന്നത്. വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന പള്ളിപ്പുറം അതിലൊന്നു മാത്രം.
പ്രത്യേക സുരക്ഷാ മുൻകരുതലുകൾ വേണ്ട ബ്ലാക് സ്‌പോട്ടുകളിൽ അപകടം കുറയ്ക്കാനുള്ള പദ്ധതികളൊന്നും ഗതാഗതവകുപ്പോ പൊലീസോ തയ്യാറാക്കിയിട്ടില്ല. രണ്ട് മന്ത്രിമാർ ഭരിക്കുന്ന റോഡ് സുരക്ഷാ അതോറിറ്റിയാണ് അപകടങ്ങൾ കുറയ്‌ക്കാൻ നടപടിയെടുക്കേണ്ടത്.ഗതാഗത മന്ത്രി ചെയർമാനും പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനുമായ അതോറിറ്റിക്ക് പക്ഷേ റോഡിൽ അപകട മുന്നറിയിപ്പ് ബോർഡ് വയ്ക്കാനുള്ള പണം പോലും ഇല്ലത്രേ. സർക്കാർ പണം അനുവദിച്ചിട്ട് മൂന്നു വർഷമായി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് 125 കോടി രൂപ അനുവദിച്ചതാണ്.
സർക്കാരിന് പണം ഇല്ലെന്ന് പറയാനാവില്ല. 2004ലെ റോഡ് സുരക്ഷാ അതോറിറ്റി നിയമ പ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷൻ സമയത്ത് ഈടാക്കുന്ന റോഡ് സേഫ്റ്റി സെസിന്റെ മുഴുവൻ തുകയും മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ പകുതിയും അതോറിറ്റിക്ക് നൽകേണ്ടതാണ്. ആ തുക കിട്ടാത്തതാണ് അതോറിറ്റി മരവിക്കാൻ കാരണം. മരാമത്ത് വകുപ്പും റോഡ് സുരക്ഷയിൽ പിന്നോട്ടാണ്. ദേശീയ പാതകളുടെ വീതി കൂട്ടുന്ന സർവേ നടക്കുന്നുവെന്ന പേരിലാണ് സുരക്ഷാക്രമീകരണങ്ങൾ ഉഴപ്പുന്നത്.
അതോറിട്ടിയുടെ ചുമതലകൾ
റോഡ് സുരക്ഷയിൽ സർക്കാരിനെ ഉപദേശിക്കുക
റോഡ് സുരക്ഷാ നിലവാരം നിർണയിക്കുക
റോഡ് സുരക്ഷാ പദ്ധതികൾ നടപ്പാക്കുക
അപടകങ്ങൾക്ക് ഇരയായവർക്ക് സഹായം നൽകുക
ബ്ളാക്ക് സ്പോട്ട്
കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ഇത് നിർണയിക്കുന്നത്. റോഡിന്റെ 500 മീറ്റർ പരിധിയിൽ മൂന്നു വർഷത്തിനകം വിവിധ വാഹനാപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്താൽ ആ സ്ഥലം ബ്ലാക്ക് സ്‌പോട്ടാകും. റോഡ് നിർമ്മാണത്തിലെ പിഴവുകൾ, കൊടുംവളവ്, മുന്നറിയിപ്പുകളുടെ അഭാവം, വെളിച്ചക്കുറവ് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിക്കുന്നത്
പ്രധാന ബ്ലാക്ക് സ്പോട്ടുകൾ
തിരുവനന്തപുരം ജില്ല
കാരയ്ക്കാമണ്ഡപം- പള്ളിച്ചൽ
ശ്രീകാര്യം-പോങ്ങുംമൂട്
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ - ആഞ്ഞിലമൂട്
എറണാകുളം ജില്ല
ഇടപ്പള്ളി-പോണേക്കര
കാക്കനാട്-അത്താണിക
മലപ്പുറം ജില്ല
വട്ടപ്പാറ-പാലച്ചിറമാട്
ചങ്ങരംകുളം
അഴിഞ്ഞില്ലം
കോഴിക്കോട് ജില്ല
കോഴിക്കോട്-കിഴക്കേ നടക്കാവ്
തൊണ്ടയാട് ജംഗ്ഷൻ
ബ്ലാക് സ്പോട്ടുകൾ
ദേശീയപാത ........159
സംസ്ഥാന പാത....85
മറ്റ് പാതകൾ..........31
ചോരക്കണക്ക് 2017-18
അപകടം 38,470
മരണം 4,131
പരിക്ക് 42,671
ഗുരുതരം 29,733