വർക്കല: എം.ഡി.എം.എ, എക്സറ്റസി, മോളി... പേരു കേട്ട് അമ്പരക്കണ്ട. ന്യൂജെൻ മയക്കുമരുന്നുകളുടെ വിളിപ്പേരാണിത്. ഇത്തരം വിദേശയിനം ലഹരി മരുന്നുകളാണ് വർക്കലയിലെ ന്യൂജനറേഷന്റെ ബോധത്തെ കീഴ്പ്പെടുത്തുന്നത്. കഞ്ചാവിന് പുറമെ, പുതുതലമുറ മയക്കുമരുന്നുകളും വർക്കല താലൂക്കിൽ സുലഭമെന്നാണ് റിപ്പോർട്ട്.

കടുത്ത ലഹരി വസ്തുവായ എം.ഡി.എം.എയും വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. 'എക്സറ്രസി', 'മോളി' എന്നീ ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ ലഹരി വസ്തുവിന്റെ പ്രധാന ഉപഭോക്താക്കൾ യുവാക്കളാണ്. ഇത് ഗുളികരൂപത്തിലും പൊടിയായും ലഭിക്കും. കഴിക്കുകയോ പൊടിയാക്കി മൂക്കിൽ വലിച്ചു കയറ്റുകയോ ചെയ്യും. ദീർഘനേരത്തെ ലഹരിയാണ് ഫലം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാകുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിച്ചാൽ മൂന്ന് മുതൽ ആറ്മണിക്കൂർവരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നതാണ് പ്രത്യേകത. ഉത്തേജകത്തിനും വിഭ്രാത്മക മാനസികാവസ്ഥയ്‌ക്കുമായി ഇതിനെ ആശ്രയിക്കുന്നവരേറെയാണ്.

അടുത്തിടെയായി പല യുവാക്കളും ഇതിന്റെ അടിമകളായിരിക്കയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വർക്കല തുരപ്പിനു സമീപം റോഡരികിൽ അബോധാവസ്ഥയിൽ വിക്രിയകൾ കാട്ടുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. നാട്ടുകാർ അടുത്തുചെന്ന് പരിശോധിച്ചപ്പോഴാണ് ന്യൂജെൻ ലഹരി മരുന്നാണ് വില്ലനെന്ന് മനസിലായത്.

'സ്റ്റാമ്പ്' എന്നറിയപ്പെടുന്ന മയക്കുമരുന്നും വർക്കലയിൽ സുലഭമായിരിക്കയാണ്. എഫോർ പേപ്പറിൽ 80 സ്റ്റാമ്പുകളുടെ മാതൃകകൾ പതിച്ച നിലയിലുളളതാണിത്. നാവിലൊട്ടിച്ചാൽ മതി ദീർഘനേരത്തേക്ക് ലഹരി കിട്ടുമെന്നതിനാൽ യുവാക്കളുടെ ഇഷ്ട ഇനമായി മാറിയിരിക്കയാണ്. അവധി ദിനങ്ങളിൽ ഐ.ടി മേഖലയിൽ നിന്നുള്ള യുവതി യുവാക്കൾ സംഘം ചേർന്ന് വർക്കലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്താറുണ്ട്. ഇവരുടെ ഇടയിൽ പുതുതലമുറ മയക്കുമരുന്നുകൾക്ക് ഡിമാന്റേറെയാണ്. ആളൊഴിഞ്ഞ തീരമേഖലകളാണ് ഇവർ ലഹരി ആസ്വദിക്കാനായി തിരഞ്ഞെടുക്കുന്നത്. ടൂറിസം സീസൺ മുന്നിൽ കണ്ട് ലഹരി വില്പന റാക്കറ്റുകൾ വർക്കലയിൽ തമ്പടിക്കാൻ തുടങ്ങിയിട്ടു. ഇക്തമായ പരിശോധനകളിലൂടെയേ ഇതിന് തടയിടാനാകൂ. വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി വസ്‌തുക്കൾ വില്പനനടത്തുന്നവരുടെ സംഘവും വർക്കലയിൽ സജീവമാണെന്നാണ് റിപ്പോർട്ട്.