തിരുവനന്തപുരം : ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാപഞ്ചായത്തിന്റെ 'വനജ്യോതി' പദ്ധതി പ്രകാരമുള്ള രാത്രി പാഠശാലകൾ അടുത്തമാസം ആരംഭിക്കും. ജില്ലയിലെ 15 ഊരുകളിലാണ് പാഠശാലകൾ ആരംഭിക്കുന്നത്. ഓരോ ഊരിലും 15 അദ്ധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. ഊരുകളിൽ തന്നെയുള്ള വിദ്യാസമ്പന്നരായ ആളുകളിൽ നിന്നാണ് അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. ഇവർക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം നൽകും. സ്‌കൂൾ സമയത്തിന് ശേഷം വൈകിട്ട് ആറു മുതൽ എട്ടുവരെയാണ് പാഠശാലകളുടെ പ്രവർത്തനം. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠന സഹായം നൽകും. പഠനത്തിനൊപ്പം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ സൗകര്യം ആവശ്യമുണ്ടെങ്കിൽ വരും വർഷങ്ങളിൽ അതും ഉറപ്പാക്കും. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പത്ത് ഊരുകളിൽ വനജ്യോതി നടപ്പാക്കിയിരുന്നു. പദ്ധതി ഫലപ്രദമായതിനെ തുടർന്നാണ് ഈവർഷം 15 ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ നിർവഹണ ചുമതല നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസർക്കാണ്.