നെടുമങ്ങാട്: കൊട്ടിഘോഷിച്ച കിള്ളിയാർ മിഷനെ വെല്ലുവിളിച്ച് നദിയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ചേർന്ന് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കടലാസിൽ ഉറങ്ങുമ്പോഴാണ് കൈയേറ്റം തകൃതിയായത്. കളക്ടറുടെയും എ.ഡി.എമ്മിന്റെയും നേതൃത്വത്തിൽ ഒഴിപ്പിക്കേണ്ട സ്ഥലത്തിന്റെ സർവേ നടത്തി തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. തീരം സംരക്ഷിച്ച് നടപ്പാതകളും പൂന്തോട്ടങ്ങളും നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ 8.75 കോടി രൂപയുടെ പദ്ധതിയും കയ്യാലപ്പുറത്തായി.
രണ്ടു വർഷം മുമ്പ് ആവിഷ്കരിച്ച കിള്ളിയാർ മിഷൻ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 'പുഴയറിവ്' എന്ന പേരിൽ നദിയുടെ അവസ്ഥ പഠിക്കാൻ മന്ത്രിമാരായ തോമസ് ഐസക്കിന്റെയും മാത്യു ടി.തോമസിന്റെയും നേതൃത്വത്തിൽ പതിനായിരത്തോളം ജനങ്ങൾ ആദ്യഘട്ടത്തിൽ നദീ സഞ്ചാരം നടത്തി. സെപ്ടിക് ടാങ്കുകളിലേതടക്കം 1,200 മാലിന്യവാഹിനി പൈപ്പുകൾ കിള്ളിയാറിലേക്ക് തുറന്നുവച്ചിരുന്നത് അന്ന് കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്തതിനു പുറമെയാണ് നീരൊഴുക്ക് തടയും വിധമുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ.
കിള്ളിയാറൊരുമ
മാലിന്യ വാഹിനിയായിരുന്ന നദിയിൽ അതിന്റെ അളവ് കുറയ്ക്കാനും നീരൊഴുക്ക് സുഗമമാക്കാനും കിള്ളിയാറൊരുമ സഹായകമായെന്നാണ് വിലയിരുത്തൽ. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നഗരസഭ, പനവൂർ, ആനാട്, അരുവിക്കര, കരകുളം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഈ മാതൃകയിൽ കോർപ്പറേഷൻ പരിധിയിൽ ആവിഷ്കരിച്ച സിറ്റി മിഷൻ തുടങ്ങിയയിടത്തു തന്നെ നിലച്ചമട്ടാണ്.
സ്റ്റോപ്പ് മെമ്മോ മറച്ചുവെച്ച് നഗരസഭയുടെ സഹായം
തീരം കവർന്നു കെട്ടിയടച്ച അനധികൃത കോൺക്രീറ്റ് നിർമ്മാണങ്ങൾക്ക് കൂട്ടു നിൽക്കുകയാണ് നഗരസഭാധികൃതർ. നെട്ടയിലേക്കുള്ള പാലത്തിന് സമീപം തീരം കൈയേറി അയ്യായിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിര സമുച്ചയം നിർമ്മിക്കുന്നത് മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എതിർപ്പ് അവഗണിച്ചാണ്. അനധികൃത നിർമ്മാണം തടയണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 17 ന് വൈകിട്ട് ചേർന്ന അടിയന്തര സ്റ്റാൻഡിംഗ് കമ്മിറ്റി സ്റ്റോപ്പ് മെമ്മോ നല്കാൻ തീരുമാനിച്ചെങ്കിലും കോൺക്രീറ്റ് പണികൾ പൂർത്തിയാക്കാനുള്ള സാവകാശം നൽക്കുകയായിരുന്നു അധികൃതർ. 19 നു ഉച്ചയോടെ ഉടമയുടെ അസാന്നിദ്ധ്യത്തിൽ സ്റ്റോപ്പ് മെമ്മോ ചുമരിൽ പതിച്ച് തടിതപ്പി. അനധികൃത നിർമ്മാണം തടയാൻ പൊലീസിന്റെ സഹായം തേടിയില്ലെന്ന ആക്ഷേപവുമുണ്ട്. നഗരസഭ സെക്രട്ടറിയുടെ വിവേചനാധികാരം മറയാക്കിയാണ് തീരം കൈയേറിയുള്ള നിർമ്മാണത്തിന് പെർമിറ്റ് നൽകിയിരിക്കുന്നത്. നെടുമങ്ങാട് നഗരസഭയുടെ പരിധിയിൽപ്പെട്ട പഴകുറ്റി മുതൽ മരുതിനകം വരെ ഒരു ഡസനോളം നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമായി നടന്നിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.