ശിവഗിരി: ഭാരതത്തിലെ താന്ത്റിക വൈദിക പാരമ്പര്യവുമായി യാതൊരു ബന്ധവും ശ്രീനാരായണ ഗുരുദേവന് ഇല്ലായിരുന്നുവെന്ന് ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയും മഹാസമാധി നവതി ആചരണകമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ ഗുരുവിന്റെ വൈദിക സങ്കല്പം ശാരദാപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളോട് ചേർന്നു നിന്നുകൊണ്ട് അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഇല്ലാതാക്കുന്ന ഒരു തന്ത്രമാണ് ഗുരുദേവൻ പ്രയോഗിച്ചത്. ശരിയായ ആചാരങ്ങളെ യുക്തിഭദ്രമായി ഗുരുദേവൻ ഉപയോഗിച്ചു. ഗുരുവിന്റെ താന്ത്റിക വൈദിക സങ്കല്പത്തിന് അക്കാലത്തെ താന്ത്റിക വൈദിക സങ്കല്പവുമായി വലിയ അന്തരമുണ്ട്. ഹോമത്തിന് പ്ലാവിന്റെ കാതൽ മാത്രമേ ഉപയോഗിക്കാവു എന്നൊരു വാദവുമായി സമീപിച്ചവരോട് വെളള എടുക്കാം കാതൽ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാമല്ലോ എന്നാണ് ഗുരു പറഞ്ഞത്. ഹോമത്തിന് ഉപയോഗിക്കുവാൻ പുതിയൊരു മന്ത്റവും എഴുതിക്കൊടുത്തു. ബ്രാഹ്മണനും പശുവിനും ക്ഷേമ ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ എന്നല്ല, എല്ലാവർക്കും ഭൗതികവും ആത്മീയവുമായ പുരോഗതി ഉണ്ടാകട്ടെ എന്നാണ് ഗുരുവിന്റെ ഹോമമന്ത്റത്തിലെ പ്രാർത്ഥന. പുരുഷാധിപത്യ പ്രവണതയോടുകൂടിയ പൗരോഹിത്യ സമ്പ്രദായത്തെ ഗുരുദേവൻ അംഗീകരിച്ചിരുന്നില്ല. അത്തരം കാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു ഗുരുദേവന്റെ അഭിപ്രായം. എല്ലാ മതങ്ങളിലും പുരുഷാധിപത്യമുണ്ട്. പൗരോഹിത്യവും എല്ലാ മതങ്ങളിലുമുണ്ട്. രാജഭരണം പോയി ജനാധിപത്യം വന്നിട്ടും പൗരോഹിത്യ ധാർഷ്ട്യത്തെ നിലനിർത്തുന്നതിൽ ഒരു ഭരണകൂടവും പിന്നോട്ടല്ല.ഭാരതത്തിന്റെ സനാതനമായ സമാധാനത്തെ മുഴുവൻ ഈ പൗരോഹിത്യ വാഴ്ച തകർത്തുകളയുന്നു എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഈ പൗരോഹിത്യ മേധാവിത്വം നിലനിർത്തിക്കൊണ്ടു പോകുന്നതിൽ എല്ലാ ഭരണകൂടങ്ങൾക്കും ഒരുപോലെ പങ്കുണ്ടെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, യജ്ഞകമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ, ആചാര്യ സ്മൃതി ചെയർമാൻ സ്വാമി സച്ചിദാനന്ദ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളാപ്പളളി, ഡി.പ്രേംരാജ്, അജി എസ്.ആർ.എം, അഡ്വ. സിനിൽ മുണ്ടപ്പളളി, രാജേഷ് നെടുമങ്ങാട്, അനീഷ് ദേവൻ, രാജേഷ് ഇടവക്കോട്, സുനിൽ വളളിയിൽ, വിജീഷ് മേടയിൽ, സന്തോഷ് മാധവൻ അടിമാലി, അനിൽ തറനിലം, സജീവ് കല്ലട എന്നിവർ സംബന്ധിച്ചു.
യോഗം എരുമേലി യൂണിയൻ പ്രസിഡന്റ് ശ്രീപാദം ശ്രീകുമാർ, കായംകുളം യൂണിയൻ ചെയർമാൻ ചന്ദ്രദാസ്, കൺവീനർ പ്രദീപ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ, ശാഖാ ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങുകളിൽ പങ്കുകൊണ്ടു.
ഫോട്ടോ: ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ നവതി ആചരണകമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഗുരുവിന്റെ വൈദിക സങ്കല്പം ശാരദാപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു.
ശിവഗിരിയിൽ ഇന്ന്:
രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, 5.45ന് ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം, 9ന് അഖണ്ഡനാമജപം, വിശ്വശാന്തിഹവനം, വൈകിട്ട് 3ന് ആചാര്യസ്മൃതി സമ്മേളനം.