sabarimala

തിരുവനന്തപുരം:യുവതികൾ ദർശനത്തിനെത്തി ദേവസന്നിധി അശുദ്ധമാക്കിയാൽ ശബരിമല ക്ഷേത്രനട അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുമെന്ന തന്ത്രിമാരുടെയും കൊട്ടാരം പ്രതിനിധികളുടെയും നിലപാട് വിവാദമായി

തന്ത്രിമാരെ അനുകൂലിച്ചും പ്രതികൂലിച്ചും തർക്കം മുറുകിയതോടെ ശബരിമലയിലെ സുപ്രീംകോടതി വിധിയുണ്ടാക്കിയ പ്രശ്നം അയ്യപ്പക്ഷേത്രത്തിന്റെ അവകാശത്തർക്കത്തിന്റെ രൂപത്തിലേക്ക് മാറി. സർവതിന്റെയും അധിപനായി വിരാജിക്കുന്ന ബ്രഹ്മസ്വരൂപനായ ഭഗവാന്റെ ശ്രീകോവിൽ ഏകപക്ഷീയമായി അടച്ചിടാനും അങ്ങനെ യുവതീ പ്രവേശനത്തിന്റെ പേരിൽ മറ്റ് ഭക്തർക്ക് ദർശനം നിഷേധിക്കാനും കഴിയുമോ എന്നും തന്ത്രിമാരും കൊട്ടാരവും ഭഗവാന്റെ സേവകർ മാത്രമല്ലേ എന്നുമാണ് ഒരു ചോദ്യം. അവർക്കാണോ,ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന വിശ്വാസികൾക്കാണോ,ക്ഷേത്ര സ്വത്ത് നോക്കി നടത്തുന്ന ദേവസ്വം ബോർഡിനും സർക്കാരിനുമാണോ പരമാധികാരമെന്ന തർക്കത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ക്ഷേത്രം അടച്ചിടാൻ നിർദ്ദേശിക്കാൻ പന്തളം കൊട്ടാരത്തിന് അവകാശമില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വാദം. നടത്താൻ ധനശേഷിയില്ലാതെ കൊല്ലവർഷം 96 ൽ തിരുവിതാംകൂർ രാജകുടുംബത്തിന് 48 ക്ഷേത്രങ്ങൾ പന്തളം കൊട്ടാരം കൈമാറി. അതിന് ശേഷം 1949 ജൂലായ് 1ന് തിരുവിതാംകൂർ രാജകുടുംബവുമായി കേന്ദ്രസർക്കാരുണ്ടാക്കിയതാണ് കവനന്റ്. അതിൽ ശബരിമല ക്ഷേത്രത്തിന്റെ അവകാശം പന്തളം കൊട്ടാരത്തിന് നൽകുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ബോർഡംഗം കെ. പി. ശങ്കരദാസ് പറഞ്ഞു.

എന്നാൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെയും താന്ത്രിക ചിട്ടവട്ടങ്ങളുടെയും നേരവകാശികൾ പന്തളം കൊട്ടാരമാണെന്ന് കവനന്റിലുണ്ടെന്നും അതനുസരിച്ച് ക്ഷേത്രാശുദ്ധിയോ, അനുഷ്ഠാനങ്ങൾക്കോ, ആചാരങ്ങൾക്കോ ഭംഗമുണ്ടായാൽ ക്ഷേത്രം അടയ്‌ക്കാനും പൂജകൾ നിറുത്തിവയ്‌ക്കാനുമുള്ള അവകാശം ഇപ്പോഴും പന്തളം കൊട്ടാരത്തിനുണ്ടെന്നുമാണ് കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ പറഞ്ഞത്.

വെള്ളിയാഴ്ച ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയും തെലുങ്ക് മാദ്ധ്യമപ്രവർത്തക കവിത ജക്കാലയും വൻ പൊലീസ് അകമ്പടിയോടെ സന്നിധാനം വരെ എത്തിയപ്പോഴാണ് ഇവർ ദർശനം നടത്തിയാൽ നട അടച്ച് താക്കോലേൽപിക്കാൻ പന്തളം കൊട്ടാരം പ്രതിനിധി തന്ത്രിക്ക് നിർദ്ദേശം നൽകിയത്. തന്ത്രി അത് അനുസരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സുപ്രീംകോടതി വിധി അനുസരിച്ച് യുവതികളെ ദർശനത്തിന് എത്തിക്കാൻ ശ്രമിച്ച പൊലീസും സർക്കാരും പിൻവാങ്ങി.