തിരുവനന്തപുരം: ആർ.എസ്.പി ജില്ലാ സമ്മേളനം എസ്. സത്യപാലനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. പേട്ട എസ്.എൻ.ഡി.പി ഹാളിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെയും കേന്ദ്ര സെക്രട്ടേറിയറ്രംഗം ഷിബു ബേബി ജോണിന്റെയും സാന്നിദ്ധ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സത്യപാലൻ 40 വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായ കെ. ജയകുമാറിന് 36 വോട്ടേ ലഭിച്ചുള്ളൂ.ആർ.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തിരുവനന്തപുരം അഗ്രികൾച്ചറൽ കോ-ഒാപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സത്യപാലൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ പങ്കെടുത്ത സമ്മേളനത്തിൽ കേന്ദ്ര സെക്രട്ടേറിയറ്രംഗം ഷിബു ബേബി ജോൺ കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ശബരിമല വിഷയത്തിൽ സമവായത്തിന് മുതിരാതെ വിശ്വാസികളെ പ്രകോപിപ്പിച്ച് സർക്കാർ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി ബി.ജെ.പിക്കും സി.പി.എമ്മിനും നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് പിണറായി സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം വി. ശ്രീകുമാരൻ നായർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അജയഘോഷ് സ്വാഗതം പറഞ്ഞു.